തെരഞ്ഞെടുപ്പ് ചെലവ്: റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു, പരാതികള്‍ അറിയിക്കാം

post

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രചാരണ സാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് റേറ്റ് ചാര്‍ട്ടിന്റെ പകര്‍പ്പ് ഇന്ന് (മാര്‍ച്ച് 6) ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന, നിരോധിത വസ്തുക്കളല്ലാത്ത, എന്തെങ്കിലും സാധനങ്ങളുടെ റേറ്റ് ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്്. ചാര്‍ട്ടില്‍ നല്‍കിയിരിക്കുന്ന റേറ്റ് ന്യായമല്ലെന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് അക്കാര്യം 24 മണിക്കൂറിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ രേഖാമൂലം അറിയിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല.