ജനസംഖ്യാ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കലും തമ്മില്‍ ബന്ധമില്ല

post

തിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍. പി. ആര്‍) പുതുക്കലും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എന്‍.പി. ആര്‍ പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങളും ശേഖരിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടി നടത്തുകയോ സഹകരിക്കുകയോ ചെയ്യില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ എന്‍. പി. ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ വിവരങ്ങള്‍ വീടുകളില്‍ നിന്ന് എന്യുമറേറ്റര്‍മാര്‍ ശേഖരിക്കുകയോ ചെയ്യില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് നടക്കുന്നത്. വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം, വാസസ്ഥലത്തിന്റെ അവസ്ഥ, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി സൗകര്യങ്ങളും സാമഗ്രികളും ഉള്‍പ്പെടെയുള്ള 33 ചോദ്യങ്ങളും വിവരങ്ങളും മാത്രമാണതില്‍ ശേഖരിക്കുന്നത്. രണ്ടാം ഘട്ടമായി 2021 ഫെബ്രുവരി ഒന്‍പത് മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ആ സമയം ജനസംഖ്യ കണക്കെടുപ്പിനാവശ്യമായ വ്യക്തിഗത വിവരങ്ങള്‍ മാത്രമേ ശേഖരിക്കൂ. വിവാദമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ജനസംഖ്യ കണക്കെടുപ്പുമായി സഹകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള റെജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണനെ കേരളം അറിയിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തിലൊരിക്കല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ ശേഖരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വ്യക്തിഗത വിവരങ്ങള്‍ നാടിന്റെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വിസകന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതിനാല്‍ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമടങ്ങുന്ന എന്യുമറേറ്റര്‍മാര്‍ വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്‍കി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ് 2021) പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല സെന്‍സസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു, പ്ലാനിംഗ്, പൊതുഭരണം, ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, തദ്ദേശസ്വയംഭരണം, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ സംസാരിച്ചു. ജില്ലകളിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായ ജില്ലാകളക്ടര്‍മാര്‍ക്ക് സെന്‍സസ് പ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കുന്നതിന് ജനുവരി 31ന് തിരുവനന്തപുരത്ത് യോഗം നടത്താന്‍ തീരുമാനിച്ചു.