കോവിഡ് ബാധിതര്‍ക്കും 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് ചെയ്യാം

post

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോവിഡ് ബാധിതര്‍, 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. കോവിഡ് ബാധിതരുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശേഖരിച്ച് റിട്ടേണിംഗ് ഓഫിസര്‍ക്കു കൈമാറും. ബിഎല്‍ഒമാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടശേഷം വീടുകളിലെത്തി അപേക്ഷ നല്‍കും. ഇപ്രകാരം പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ വോട്ടര്‍മാരില്‍ നിന്നും ബിഎല്‍ഒമാര്‍ തിരികെ വാങ്ങി മാര്‍ച്ച് 17ന് മുമ്പ് അതത് വരണാധികാരികളെ ഏല്‍പ്പിക്കും. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ 40 ശതമാനത്തോളം അംഗവൈകല്യം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വേണം അപേക്ഷിക്കേണ്ടത്. കോവിഡ് / ക്വാറന്‍ന്റൈനില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പില്‍ നിന്നും ഇതിലേക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടുള്ള സാക്ഷ്യപത്രം സഹിതം വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പോളിംഗ് ഉദ്യാഗസ്ഥര്‍ക്കും പോലീസുകാര്‍ക്കുമാണ് സാധാരണ തപാല്‍ വോട്ട് അനുവദിക്കാറുള്ളത്. കൂടാതെ ആരോഗ്യം, അഗ്‌നിരക്ഷാ സേന, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി വകുപ്പ്, ജല അതോറിറ്റി, കെഎസ്ആര്‍ടിസി, വനം വകുപ്പ്, ട്രഷറി, തെരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കും തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തവണ തപാല്‍ വോട്ട് ചെയ്യാം.

80 വയസ് കഴിഞ്ഞവര്‍ക്കും, ഭിന്നശേഷിക്കാര്‍ എന്ന് വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയവര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തപാല്‍ വോട്ടിനുള്ള അപേക്ഷ (ഫോം 12ഡി) വീട്ടിലെത്തിക്കും. വീട്ടിലെത്തി ബിഎല്‍ഒ തരുന്ന അപേക്ഷാഫോം അപ്പോള്‍ തന്നെ പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് ബിഎല്‍ഒ കൈമാറും. ഇവര്‍ തപാല്‍ വോട്ടര്‍മാരാണെന്നു വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തും. ഈ പട്ടികയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക. തുടര്‍ന്ന് രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു സുരക്ഷാ ജീവനക്കാരന്‍, വീഡിയോഗ്രാഫര്‍, ഡ്രൈവര്‍, ബിഎല്‍ഒ എന്നിവരടങ്ങുന്ന സംഘം ബാലറ്റുമായി തപാല്‍ വോട്ടര്‍മാരുടെ വീടുകളിലെത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഈ സംഘത്തെ അനുഗമിക്കാം. വീട്ടിലെത്തുന്ന സംഘം ആദ്യം ബാലറ്റ് പേപ്പര്‍ വോട്ടര്‍ക്കു കൈമാറും. അതു പൂരിപ്പിക്കേണ്ട രീതി വിവരിക്കും. ഇവ വീഡിയോയില്‍ പകര്‍ത്തും.

പോളിംഗിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തി മറ്റാരും കാണാതെ വോട്ടര്‍ വോട്ട് രേഖപ്പെടുത്തണം. വോട്ടര്‍ വോട്ട് ചെയ്യാന്‍ ഉദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേര്‍ക്കുള്ള സ്ഥലത്ത് പേന കൊണ്ടു ഗുണന ചിഹ്നമോ, ശരി അടയാളമോ തുടങ്ങി ഏത് അടയാളവും രേഖപ്പെടുത്താവുന്നതും, എന്നാല്‍ വോട്ടറെ തിരിച്ചറിയുന്ന യാതൊന്നുംതന്നെ രേഖപ്പെടുത്താന്‍ പാടില്ലാത്തതും വോട്ടിന്റെ രഹസ്യ സ്വഭാവം സൂഷിക്കുകയും വേണം.  വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് പോളിംഗ് ഓഫീസര്‍ ഫോം 13എ അറ്റസ്റ്റ് ചെയ്യും. ആശുപത്രികളിലാണെങ്കില്‍ അവിടത്തെ ഡോക്ടര്‍ക്ക് അറ്റസ്റ്റ് ചെയ്യാം. അതിനു ശേഷം വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ചെറിയ കവറില്‍  ഇടണം. ആ കവര്‍ മറ്റൊരു വലിയ കവറില്‍ ഇടണം. ഒട്ടിച്ച ശേഷം കവര്‍ തിരികെ നല്‍കണം. വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വോട്ടര്‍ ചുമതലപ്പെടുത്തുന്ന മറ്റൊരാള്‍ക്ക് പകരം വോട്ടു ചെയ്യാം. വോട്ടുചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ പോളിംഗ് ടീം  സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്‍ന്റൈനില്‍ ഇരിക്കുന്നവര്‍ക്കും പോളിംഗ് ബൂത്തില്‍ എത്തിയും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വോട്ട് ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ് ബിഎല്‍ഒമാര്‍ വീട്ടിലെത്തിക്കും. സ്ലിപ്പില്‍ പോളിംഗ് സ്റ്റേഷന്റെ പേര്, വോട്ടെടുപ്പ് തീയതി, സമയം എന്നിവ ഉണ്ടാകും. ഇത്തവണ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് സമയം. കുറ്റമറ്റ ക്രമീകരണങ്ങളും പോളിംഗ് സമയം നീട്ടിയതും വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും.