ഇടുക്കി പുതിയ ഇടുക്കിയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിയ്ക്കണം : മുഖ്യമന്ത്രി പിണറായി വിജയന്‍

post

12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു

ഇടുക്കി : പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങുന്നതല്ല നടപ്പാക്കാനുള്ളതാണെന്നും ഇത് വിജയകരമായി നടപ്പിലാക്കുന്നതിന് സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനത്തില്‍ ഇടുക്കി പാക്കേജിന്റെ   പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമാണ് ഈ പാക്കേജ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാകണം, ദാരിദ്ര്യം തുടച്ചു മാറ്റണം,  തൊഴിലില്ലായ്മ കുറയ്ക്കണം, പരിസ്ഥിതി സന്തുലനാവസ്ഥ പുനസ്ഥാപിക്കണം, എന്നീ ലക്ഷ്യങ്ങളാണ് ഇടുക്കി പാക്കേജിന്റെ   ഭാഗമായി നേടിയെടുക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളില്‍ ഊന്നിയുളള വികസനമാണ് ലക്ഷ്യമിടുന്നത്. വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാന്‍ഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിദേശ മാര്‍ക്കറ്റുകളില്‍ എത്തിക്കും. ട്രീ ബാങ്കിംഗ് സ്‌കീമിന് രൂപം നല്‍കും. മരം വച്ചു പിടിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളിലെ വികസന പദ്ധതികള്‍ക്കായി ജില്ലയില്‍ ചിലവഴിക്കുന്നത് പ്രതിവര്‍ഷം 250300 കോടി രൂപയാണ്. ഇത് ഈ പാക്കേജിലൂടെ 1000 കോടി രൂപയായി ഉയരും. ബാക്കി പാക്കേജിലെ തുകകള്‍ പാര്‍പ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പോലുള്ള മേഖലകളിലുള്ള നിക്ഷേപവും പശ്ചാത്തല സൗകര്യ സൃഷ്ടിയുമാണ്.

പാക്കേജില്‍ കൂടുതല്‍ പരിഗണന കാര്‍ഷിക മേഖലയ്ക്കാണ്.  രണ്ട് കാര്‍ഷിക സംസ്‌കരണ പാര്‍ക്കുകള്‍ക്കുള്ള ആയിരം കോടി രൂപയടക്കം കാര്‍ഷികമേഖലയുടെ അടങ്കല്‍ 3260 കോടി രൂപയാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ പിന്നെ ഇടുക്കിയുടെ മുഖ്യവളര്‍ച്ച സ്രോതസായ ടൂറിസത്തിന് 750 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ  1760 കോടി രൂപയില്‍ പകുതിയോളം ഇടുക്കി ജില്ലയ്ക്കുള്ളിലെ പ്രസരണ വിതരണ ശേഷി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്.  ഇതിനുപുറമേ ഇടുക്കി വൈദ്യുതി പദ്ധതി രണ്ടാം ഘട്ടത്തിനുള്ള 3000 കോടി രൂപയുടെ മുതല്‍മുടക്കില്‍ 780 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം രണ്ടു വര്‍ഷത്തിനകം ആരംഭിക്കും.  ആശുപത്രികള്‍ക്ക് ആയിരം കോടി രൂപ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 200 കോടി രൂപ ,കുടിവെള്ളത്തിന് 1100 കോടി രൂപ,  എന്നിവയാണ് മറ്റ് പ്രധാനപ്പെട്ടവ. റോഡ്പാലങ്ങള്‍ക്ക് കിഫ്ബി പ്രോജക്ടുകള്‍ അടക്കം 1500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനും തോട്ടം ലയങ്ങളുടെ വികസനത്തിന് ആയിരം കോടി രൂപ ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്രയും വലിയ തുക ഏകോപിതമായും കാര്യക്ഷമമായും ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ ഇടുക്കി ജില്ലയുടെ മുഖഛായ മാറുമെന്നും ഈ പാക്കേജ് നടത്തിപ്പിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും  മാസംതോറും അവലോകനം നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെ സഹകരണ രംഗത്തുളള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി അനുവദിച്ചു. ഇത് പലിശരഹിത വായ്പയായി സഹകരണ ബാങ്കുകള്‍ വഴി ലഭ്യമാക്കും.  തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ നന്നാക്കുകയും ലൈഫ് പദ്ധതി പ്രകാരം വീടുകളും ഫ്‌ലാറ്റുകളും നിര്‍മ്മിച്ച് നല്‍കുകയും ചെയ്യും. ഹൈറേഞ്ചില്‍ 250 ഏക്കറില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറികള്‍ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിന്‍ കൊണ്ടുവരും. മണ്ണ്, ജല സംരക്ഷണ പദ്ധതികള്‍ക്ക് 250 കോടി നബാഡില്‍ നിന്ന് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.

പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ ധനകാര്യ വകുപ്പ്  മന്ത്രി ടി എം തോമസ് ഐസക്ക് അദ്ധ്യക്ഷനായി. വൈദ്യുതി വകുപ്പ്  മന്ത്രി എംഎം മണി, എംഎല്‍എ മാരായ റോഷി അഗസ്റ്റിന്‍, എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ്,  സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ മതസാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.