ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന

post

വയനാട് : കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക ബജറ്റ്. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 66.56 കോടി രൂപ വരവും 64.62 കോടി രൂപ ചെലവും 1.93 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഭരണസമിതിയുടെ ആദ്യബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പശ്ചാത്തല വികസന മേഖലകളിലെ സമഗ്ര പുരോഗതിക്ക്  സഹായകരമാകുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിടുണ്ട്. പുതിയ പദ്ധതികള്‍ക്ക് പുറമേ കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി ഈ വര്‍ഷവും തുടരും.

ജില്ലയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. കാര്‍ഷിക മേഖലയ്ക്ക് 7 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. നെല്‍പ്പാടങ്ങളെ സംരക്ഷിക്കുന്നതിനും നെല്‍കൃഷി ആദായകരമാക്കു ന്നതിനും നെന്‍മണി പദ്ധതി പ്രഖ്യാപിച്ചു.  ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 3 കോടി വകയിരുത്തി. കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് നിയമ സഹായം ഉറപ്പാക്കാന്‍ കര്‍ഷകമിത്ര പദ്ധതി നടപ്പാക്കും. വയനാടന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്‌ക്കരിച്ച് ബ്രാന്റ് ചെയ്തു വില്‍ക്കുന്നതിന് കാര്‍ഷിക സംസ്‌ക്കരണ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് ക്ഷീരസാഗരം പദ്ധതി തുടങ്ങും.  ഇതിനായി ബജറ്റില്‍ 3 കോടി അനുവദിച്ചു. വളര്‍ത്ത്മൃഗങ്ങളുടെ വാങ്ങലിനും വില്‍പനക്കുമായി പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങും. 3 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. കര്‍ഷക തൊളിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി മാതൃകയില്‍ ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കും.

ജില്ലയുടെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിസിറ്റ് വയനാട് എന്ന പേരില്‍ പ്രത്യേകം പദ്ധതി പ്രഖ്യാപിച്ചു. നെല്ലറച്ചാല്‍, പൊഴുതന,മുത്തങ്ങ പ്രദേശങ്ങളെ ആദ്യഘട്ടത്തില്‍ ടൂറിസ്റ്റ് വില്ലേജുകളായി മാറ്റും. നൂല്‍പ്പുഴ, അമ്പലവയല്‍,മുട്ടില്‍, പനമരം എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കും. 1 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

അടിസ്ഥാന വിഭാഗങ്ങളുടെ സംരക്ഷണത്തിനും മികച്ച പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുളളത്്. പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി 11 കോടി രൂപ വകയിരുത്തി. പട്ടികജാതി വികസനത്തിന് 2.55 കോടിയും ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്ന ശ്രുതി ജീവന്‍ പദ്ധതിക്ക് 1.29 കോടി രൂപയും ചെലവിടും. സ്ത്രീ വികസന പദ്ധതികള്‍ക്ക് 2.58 കോടിയും വയോജന പദ്ധതികള്‍ക്ക് 1.29 കോടിയും നീക്കി വെച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്ക് 5 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ക്യാന്‍സര്‍, അവയവമാറ്റം ചെയ്ത രോഗികള്‍, ഡയബറ്റിക് രോഗികള്‍ എന്നിവര്‍ക്ക് ചികില്‍സാ സഹായം എത്തിക്കുന്നതിന് കാരുണ്യ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ 7 കോടിയുടെയും പശ്ചാത്തല വികസനത്തിന് 15.32 കോടി രൂപയുടെയും പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്ഥിരം സമിതി അംഗങ്ങളായ ഉഷാതമ്പി, എം. മുഹമ്മദ് ബഷീര്‍, ബീന ജോസ്, ജുനൈദ് കൈപ്പാണി, സെക്രട്ടറി പി.എം ഷൈജു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.