വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം;റെയില്‍ ഫെന്‍സിംഗ് നാടിന് സമര്‍പ്പിച്ചു

post

വയനാട്: ജില്ലയില്‍ മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യജീവികള്‍  നാട്ടിലിറങ്ങുന്നത് തടയുന്നതിനായി നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ റെയില്‍ ഫെന്‍സിംഗ് വനം വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നാടിന് സമര്‍പ്പിച്ചു.  വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന നീണ്ട കാലത്തെ പൊതുജനങ്ങളുടെ പരാതിയ്ക്ക് പരിഹാരമായാണ് റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. വനം വകുപ്പ് ജീവനക്കാര്‍ രാപ്പകല്‍ ഭേദമില്ലാതെ കാവല്‍ നിന്നിട്ടും ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ സാധിക്കാത്ത സാഹചര്യത്തിനാണ് ഇതിലൂടെ പരിഹാരമായതെന്ന് മന്ത്രി പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ സത്രംകുന്ന് മുതല്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂടകൊല്ലി വരെയുള്ള പത്ത് കിലോമീറ്റര്‍ വനാതിര്‍ത്തിയിലാണ് റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചത്. 15.12 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കിഫ്ബി ഫെയ്‌സ് -1 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.