കല്യാശേരി സിവില്‍ സര്‍വീസ് അക്കാദമി ഇനി ഹൈടെക്

post

കണ്ണൂര്‍: കേരള സ്റ്റേറ്റ്  സിവില്‍ സര്‍വ്വീസ് അക്കാദമി കല്ല്യാശേരി കേന്ദ്രത്തില്‍ നിര്‍മ്മിച്ച  വെര്‍ച്വല്‍ ക്ലാസ് റൂം, സ്റ്റുഡിയോ, ഹൈടെക് ലൈബ്രറി,  സെമിനാര്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ കല്യാശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. തിരുവനന്തപുരം കേന്ദ്രത്തിലുള്ള സ്റ്റുഡിയോയുടെ സ്വിച്ച് ഓണ്‍ അക്കാദമി ഡയറക്ടര്‍ വി വിഘ്നേശ്വരി നിര്‍വഹിച്ചു.

ടി വി രാജേഷ് എം എല്‍ എയുടെ ആസ്തിവികസന ഫണ്ടും ജില്ലാ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും  ഫണ്ടുകളും ഉള്‍പ്പടെ 1.50 കോടി രൂപയാണ്  ഹൈടെക് വത്കരണത്തിനായി അനുവദിച്ചത്. 20 കമ്പ്യൂട്ടറുകളും 110 ചെയറും, ഫര്‍ണിച്ചറും അനുവദിച്ചു. നാല് ക്ലാസ് റൂമുകള്‍ നവീകരിച്ചതോടൊപ്പം വെര്‍ച്വല്‍ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവയില്‍ ശീതീകരണ സംവിധാനവും ഏര്‍പ്പെടുത്തി.

ഇനി മുതല്‍ തിരുവനന്തപുരം കേന്ദ്രത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകള്‍ കല്യാശ്ശേരി സെന്ററിലെ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകും.  ജില്ലാ പഞ്ചായത്ത്  മുഖേനയാണ് ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിച്ചത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ലൈബ്രറികളിലുള്ള പുസ്തങ്ങള്‍ ഓണ്‍ലൈനായി വായിക്കുന്നതിന് ഇതിലൂടെ സാധിക്കും. ഇതോടെ കേരളത്തിലെ ഏറ്റവും മികച്ച സൗകര്യമുള്ള സിവില്‍ സര്‍വീസ് അക്കാദമികളിലൊന്നായി കല്യാശ്ശേരി സെന്റര്‍ മാറി. സിവില്‍ സര്‍വീസ് പരിശീലത്തിന് പുറമെ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലേക്കുള്ള ക്ലാസ് ബി, ക്ലാസ് സി ലെവല്‍ കോച്ചിംഗ് ക്ലാസുകളും മറ്റ് സ്‌കില്‍ ഡെവലപ്പ്മെന്റ് ക്ലാസുകളും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഈ കേന്ദ്രത്തില്‍ ആരംഭിക്കും.