ജില്ലാ ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം.എം.മണി ഇന്ന് നിര്‍വഹിക്കും

post

പാലക്കാട് : മലമ്പുഴ ജില്ലാ ജയില്‍ മേല്‍ക്കൂരയില്‍ 77.18 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് (ഫെബ്രുവരി 24) രാവിലെ 11 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. മലമ്പുഴ ജില്ലാ ജയിലില്‍ നടക്കുന്ന പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ അധ്യക്ഷനാകും. 340 വാട്ട്‌സ് ശേഷിയുള്ള 227 സോളാര്‍ പാനലുകളാണ് ജയിലിന്റെ രണ്ടാം നിലയിലെ ടെറസ്സില്‍ സ്ഥാപിച്ചത്. പ്രതിദിനം ശരാശരി 308 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്‍കും. 10 ശതമാനം വൈദ്യുതി അതായത് ജയിലിലെ പ്രതിമാസം 1000 യൂണിട്ടോളം വൈദ്യുതിയുടെ ചാര്‍ജ് ബില്ലില്‍ നിന്നും കുറവ് ചെയ്യും. ഇതിലൂടെ പ്രതിമാസ വൈദ്യുതി ബില്ലില്‍ 10000 രൂപയോളം കുറവുണ്ടാകും. കൂടാതെ ടെറസ്സില്‍ നിരത്തിയ ഷീറ്റ് കടുത്ത ചൂടില്‍ നിന്നും സംരക്ഷണവും നല്‍കും. മലമ്പുഴ പഞ്ചായത്തിലെ 100 ശതമാനം ഗ്രീന്‍ പ്രോട്ടോകോള്‍ മാര്‍ക്ക് നേടിയ ജയിലിന് ഊര്‍ജോല്‍പാദന രംഗത്തും നേട്ടം കൈവരിക്കാനായത് ഏറെ അഭിമാനകരമാണെന്ന് ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബി.യുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായുള്ള സൗര പദ്ധതിയിലൂടെയാണ് ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചത്. 33 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ജയിലിലെ വിവിധ കെട്ടിടങ്ങളുടെ റൂഫ് ടോപ്പില്‍ പവര്‍ പ്ലാന്റ് തയ്യാറാക്കിയത്. നിര്‍മ്മാണ ചുമതല ടാറ്റാ പവര്‍ സ്റ്റാറാണ് നിര്‍വഹിച്ചത്.

2022 ഓടുകൂടി സൗരോര്‍ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാണ് സൗര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍ എന്നിവയുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 500 മെഗാവാട്ട് വരെ ഉത്പാദിപ്പിക്കുന്നതാണ് ആദ്യഘട്ടം. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ ബോര്‍ഡിന്റെ ചെലവില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ നിലയത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിതശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്ക് നല്‍കും. ഇതിന് പുറമെ, ആവശ്യമായി വരുന്ന വൈദ്യുതി നിശ്ചിതനിരക്കില്‍ കെട്ടിട ഉടമയ്ക്ക് ലഭ്യമാവുകയും ചെയ്യും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ മുഖ്യാതിഥിയാകും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ജയിലധികൃതര്‍ പങ്കെടുക്കും.