അമ്പലപ്പുഴ മണ്ഡലത്തിലെ 13 റോഡുകളുടെ നിര്‍മാണത്തിന് തുടക്കം

post

ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരാണിത്: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 13 റോഡുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷം കൊണ്ട് ഗതാഗത സൗകര്യം, സ്‌കൂള്‍, ആശുപത്രി, കാര്‍ഷിക മേഖല എന്നിവ മെച്ചപ്പെട്ടു. 30 വര്‍ഷം വരെ കേടുവരാത്ത ബി.എം. ആന്റ് ബി.സി നിലവാരത്തിലുള്ള റോഡുകളാണ് നിര്‍മ്മിക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഈ സര്‍ക്കാര്‍ വികസനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പുന്നപ്ര വടക്ക് പഞ്ചായത്തില്‍ 30 കോടി ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെട്ട ഒരു റോഡിന്റെയും എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ നാലു റോഡുകളുടെയും നിര്‍മാണമാണ് ആരംഭിച്ചത്. ബജറ്റില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പത്ത് ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 2.38 കോടി രൂപ ചെലവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുനര്‍നിര്‍മിക്കുന്ന തോട്ടപ്പള്ളി-കളര്‍കോട് കണക്ടിവിറ്റി റോഡിന്റെ ഭാഗമായ ഉള്ളാടന്‍ പറമ്പ്- ശാതങ്കന്‍ ക്ഷേത്രം റോഡ്, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന മാതൃഭൂമി- പഴയനടക്കാവ് റോഡ്, 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പറവൂര്‍- അമൃത ജംഗ്ഷന്‍ -കാപ്പിത്തോട് റോഡ്, 22 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മാടപ്പറമ്പ്- അങ്കണവാടി റോഡ്, 20.05 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഉള്ളാടന്‍ പറമ്പ്- തൈവേലിക്കകം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും നടന്നു. റോഡ് നിര്‍മാണത്തിനൊപ്പം ഓടകള്‍ ഉയര്‍ത്തി നിര്‍മിക്കും. ഓടയുടെ പൊളിഞ്ഞ ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി, ഓടയ്ക്ക് സ്ലാബ് എന്നിവ ഉള്‍പ്പെടുത്തിയാണ് റോഡ് പുനര്‍നിര്‍മ്മിക്കുന്നത്. 

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ 30 കോടി ബഡ്ജറ്റ് ഫണ്ടില്‍ ഉള്‍പ്പെട്ട അഞ്ചു റോഡുകളുടെയും ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ ഒരു റോഡിന്റെയും നിര്‍മാണമാണ് ആരംഭിച്ചത്. അറവുകാട് കുളത്തില്‍ ജംഗ്ഷന്‍- കാഞ്ഞൂല്‍ അങ്കണവാടി റോഡ്(360 ലക്ഷം രൂപ), അറവുകാട് ക്ഷേത്രം- ഗുരുസാഗര ജംഗ്ഷന്‍ റോഡ്(40 ലക്ഷം), പരപ്പില്‍ പുതുവല്‍ പാലം റോഡ് (139 ലക്ഷം) , കണ്ണാട്- കളരിക്കല്‍ റോഡ്(250 ലക്ഷം), വെമ്പാലമുക്ക്- മങ്ങാട്ട്പള്ളി റോഡ്(277 ലക്ഷം), പുന്നപ്ര കെ.എസ്.ഇ.ബി.- ചൂളപ്പറമ്പ് വളപ്പില്‍ ജംഗ്ഷന്‍ റോഡ് (250 ലക്ഷം) എന്നിവയുടെ നിര്‍മാണോദ്ഘാടനവും നടന്നു. 

അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് റോഡുകളുടെ നിര്‍മാണത്തിനാണ് തുടക്കമായത്. 20 ലക്ഷം രൂപ ചെലവില്‍ വളഞ്ഞവഴി റെയില്‍വേ ക്രോസ്സ്- കമ്പിവളപ്പ് റോഡും അഞ്ചു ലക്ഷം രൂപ ചെലവില്‍ എച്ച്.ഐ.എല്‍.പി.എസ് ജംഗ്ഷന്‍- ആഞ്ഞിലിപ്പറമ്പ് റോഡുമാണ് നിര്‍മിക്കുന്നത്.