സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍: കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം യാഥാര്‍ഥ്യമായി

post

കൊല്ലം :കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംങ് വഴി  നിര്‍വഹിച്ചു. ജനങ്ങളുടെ ചിരകാല സ്വപ്നമാണ് മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം ഘട്ട പൂര്‍ത്തികരണത്തോടെ യാഥാര്‍ഥ്യമായിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം സര്‍ക്കാര്‍ ഓഫീസുകളെ ഒരു  കുടക്കീഴിലാക്കി മെച്ചപ്പെട്ട സേവനം ജനങ്ങളിലേക്ക് എത്തിയ്ക്കുക എന്ന സര്‍ക്കാരിന്റെ  ലക്ഷ്യമാണ്  പ്രാവര്‍ത്തികമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 29390 ചതുരശ്ര അടിയില്‍ ഒന്‍പത് സര്‍ക്കാര്‍ ഓഫീസുകളും കോണ്‍ഫറന്‍സ് ഹാളും അടക്കമുള്ളതാണ് പുതിയ സജ്ജീകരണങ്ങള്‍. ജില്ലാ  എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഓഫീസ്, പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ഓഫീസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, എ എല്‍ സി സൂപ്രണ്ട് ഓഫീസ്, ജി എസ് ടി വകുപ്പിന്റെ മൂന്ന് ഓഫീസുകള്‍  ഉള്‍പ്പടെയുള്ളവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 7.20 കോടി രൂപ ചെലവിലാണ് രണ്ടാംഘട്ടം പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ 16 ഓഫീസുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ ഒമ്പത് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം  25 ആകും.

ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായി. കൊട്ടാരക്കര നഗരസഭാ അധ്യക്ഷന്‍ എ ഷാജു, പുനലൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ബി ശശികുമാര്‍, കൊട്ടാരക്കര തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എഞ്ചിനീയര്‍ ഡി സാജന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.