കോവിഡ് വ്യാപന തോത് നിര്‍ണ്ണയിക്കാന്‍ സീറോ പ്രിവലന്‍സ് സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കം

post

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ് 19 സീറോ പ്രിവലന്‍സ് സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു കോവിഡ് 19 ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകള്‍, രണ്ട് മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാണ് സര്‍വ്വേ നടത്തുന്നത്. പഞ്ചായത്തുകളില്‍ നാല് വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റികളില്‍ ഒമ്പത് വാര്‍ഡുകളിലുമായി റാന്‍ഡം സാംപ്ലിങ് വഴി ആളുകളെ കണ്ടെത്തിയാണ് രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 10 ആരോഗ്യസ്ഥാപനങ്ങള്‍, അഞ്ച് പോലീസ് സ്റ്റേഷനുകള്‍, അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ നിന്നും സര്‍വ്വേ വഴി രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ബേഡഡുക്ക, ചെറുവത്തൂര്‍, എന്‍മകജെ, കാറഡുക്ക, കോടോം ബെള്ളൂര്‍, പള്ളിക്കര, തൃക്കരിപ്പൂര്, വോര്‍ക്കാടി എന്നി പഞ്ചായത്തുകളിലും കാസറഗോഡ്, നീലേശ്വരം എന്നി മുന്‍സിപ്പാലിറ്റികളിലുമാണ് ജില്ലയില്‍ സമൂഹ സര്‍വ്വേ പ്രവര്‍ത്തനം നടത്തുന്നത്.

നര്‍ക്കിലക്കാട്, ഓലാട്ട്, മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മംഗല്‍പാടി താലൂക്ക് ആശുപത്രി, ജനറല്‍ ആശുപതി കാസറഗോഡ്, ജില്ലാശുപത്രി കാഞ്ഞങ്ങാട്, സി എച് സി പെരിയ, ബദിയടുക്ക എന്നീ ഗവ ആരോഗ്യസ്ഥാപനങ്ങള്‍, കിംസ് ഹോസ്പിറ്റല്‍ കാസറഗോഡ്, തേജസ്വിനി ഹോസ്പിറ്റല്‍ നീലേശ്വരം, എന്നി സ്വകാര്യ ആശുപ്രതികള്‍ ചെമ്മനാട്, ദേലംപാടി, കിനാനൂര്‍കരിന്തളം, പടന്ന എന്നി ഗ്രാമപഞ്ചായത് ഓഫീസുകള്‍, കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം, ജില്ലാ പോലീസ് ആസ്ഥാനം, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ തൃക്കരിപ്പൂര്‍, ബേഡകം പോലീസ് സ്റ്റേഷന്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍, മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ എന്നി സ്ഥാപനങ്ങളിലെ 12 വീതം ജീവനക്കാരുടെയും രക്ത സാമ്പിളുകള്‍ ശേഖരിക്കും.

രക്തസാമ്പിളുകള്‍ ശേഖരിച്ച് ജില്ലാ ആശുപത്രിയിലെ ലാബില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്. രക്തത്തിലെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തുന്നതിലൂടെ സമൂഹത്തിലെ രോഗവ്യാപന നിരക്ക് അറിയുക എന്നതാണ് ലക്ഷ്യമെന്നും സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ വി രാംദാസ് പറഞ്ഞു.