കൃഷിയില്‍ വിജയം കൊയ്യാനൊരുങ്ങി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

post

ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി കൃഷി വകുപ്പ്  കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത സഹായത്തോടെ കാര്‍ഷിക മേഖലയില്‍ വേറിട്ട ശൈലി രചിക്കുകയാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ബ്ലോക്കിന്റെ പരിധിയില്‍ ഉള്ള ഏഴ് ഗ്രാമ പഞ്ചായത്തുകളിലായി 300 ലധികം ജെ. എല്‍. ജികള്‍ പച്ചക്കറി കൃഷിയില്‍ നേട്ടം കൊയ്യുകയാണ്. 

വയലാര്‍, പട്ടണക്കാട്, തുറവൂര്‍, കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന, അരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ജെ. എല്‍. ജി ഗ്രൂപ്പുകള്‍  സീസണ്‍ കണക്കാക്കി ചീര കൃഷി ചെയ്യുന്നുണ്ട്. ചീരക്കൊപ്പം പയര്‍, ഉള്ളി, പീച്ചില്‍,  എന്നിവയും,  പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ കരനെല്‍ കൃഷിയും ചെയ്തു വരുന്നുണ്ട്. ഓരൊ ഗ്രൂപ്പിനും കൃഷിയിലൂടെ പതിനായിരത്തിലധികം രൂപയാണ് അധികവരുമാനമായി ലഭിക്കുന്നത്. 

 പദ്ധതിയുടെ വിജയത്തിനായി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി,   വൈസ് പ്രസിഡന്റ്  ആര്‍. ജീവന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മോനിഷ് വി.ആര്‍, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ രാഖിആന്റണി, ആര്‍. പ്രദീപ്, ബിനീഷ്, പി.വത്സല, മോളി രാജേന്ദ്രന്‍, സുജിത ദിലീപ്, കവിതാ ഷാജി എന്നിവരുടെ പിന്തുണയും പദ്ധതിക്കുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് ജീവനക്കാരും തൊഴിലുറപ്പ് വിഭാഗം ജീവനക്കാരും പദ്ധതിക്കൊപ്പം സഞ്ചരിച്ചു കൊണ്ട് പട്ടണക്കാട് ബ്ലോക്കിനെ വിഷ രഹിത പച്ചക്കറി ഉല്‍പാദിക്കുന്ന ഗ്രാമപഞ്ചായത്താക്കാനുള്ള ശ്രമത്തിലാണ്.