കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ സിന്തറ്റിക് ട്രാക്കിന്റെയും ഫുഡ്‌ബോള്‍ ഗ്രൗണ്ടിന്റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

post

കണ്ണൂര്‍ : സംസ്ഥാനത്തെ കളിക്കളങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് പരിപാലിക്കുമെന്ന് വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കളിക്കളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു കായിക രംഗത്ത് കേരളം നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കളങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നിര്‍മ്മിച്ചു കൊണ്ട് കായികരംഗത്ത് കുതിക്കുകയാണ് സംസ്ഥാനം. ലോക നിര വാരത്തിലുള്ള താരങ്ങളെ ഇനിയും ഉയര്‍ത്തിക്കൊണ്ടു വരണം. കായിക വിനോദവും പൊതുജനാരോഗ്യവും സംരക്ഷിച്ച് മികച്ച കായികാന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

ഖേലോ ഇന്ത്യാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഏഴ് കോടി രൂപ ചെലവിലാണ് നവീന സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നത്. ടി വി രാജേഷ് എംഎഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 58 ലക്ഷം രൂപ ചെലവഴിച്ച് ഫുട്ബോള്‍ ഫീല്‍ഡും ഒരുക്കുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിനും ജില്ലയ്ക്ക് തന്നെയും കായികമേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്ന വികസനമാണ് വന്നുചേരുക. ഒരു മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്ക് കേരളത്തില്‍ ഇതാദ്യത്തേതാകും. വലിയ അത്ലറ്റിക് മത്സരങ്ങള്‍ക്കുള്‍പ്പടെ വേദിയാക്കാന്‍ പാകത്തിലാണ് ഖേലോ ഇന്ത്യാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍  അന്താരാഷ്ട്ര നിലവാരത്തിലുള്ള  സിന്തറ്റിക്ക് ട്രാക്കും,   ഫുട്ബോള്‍ ഫീല്‍ഡും നിര്‍മ്മിക്കുന്നത്. 

ഐഎഎഎഫ് സ്റ്റാന്‍ഡേര്‍ഡ് 8 ലൈന്‍ സിന്തറ്റിക് ട്രാക്ക്, ജംബിംഗ്പിറ്റ്, ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെന്‍സിംഗ്, കാണികള്‍ക്കായുള്ള പവലിയന്‍, കായികതാരങ്ങള്‍ക്കുള്ള ഡ്രസ് ചെയിഞ്ചിംഗ് റൂം, ബാത്ത് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടെയാണ് കളിക്കളം ഒരുക്കുന്നത്. ഇതോടൊപ്പം തന്നെ ഫുട്ബോള്‍ മൈതാനവും ഒരുക്കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്‍കോര്‍ട്‌സ് ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തിനാണ് നിര്‍മ്മാണ ചുമതല.