ആധുനിക രീതിയിലുള്ള വിജ്ഞാന സമൂഹമായി കേരളം രാജ്യത്തിന് മാതൃകയാകുന്നു: മുഖ്യമന്ത്രി

post

ഡിജിറ്റല്‍ ഡിവൈഡുകള്‍ മറികടന്ന് സാധാരണക്കാരിലും ലാപ്ടോപ്പ് എത്തിക്കുന്ന വിദ്യാശ്രീ പദ്ധതിക്ക് മലപ്പുറത്തും തുടക്കം

മലപ്പുറം: കേരളത്തെ ആധുനിക രീതിയിലുള്ള വിജ്ഞാന സമൂഹമാക്കി വളത്തുന്നതിന്റെ പശ്ചാത്തല സൃഷ്ടിയിലാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് ബജറ്റിലൊതുങ്ങുന്ന തുകയില്‍ ലാപ്ടോപ്പ് ലഭ്യമാക്കി ഡിജിറ്റല്‍ സൗകര്യങ്ങളുടെ സാമ്പത്തിക അന്തരം ഇല്ലാതാക്കുന്ന കെ.എസ്.എഫ്.ഇ, കുടുംബശ്രീ സംയുക്ത സംരംഭമായ വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ പഠനം സാര്‍വ്വത്രികമായ കാലഘട്ടത്തില്‍ സാധാരണക്കാരുടെ മക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാശ്രീ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലാപ്ടോപ്പുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഐ.ടി മിഷന്റെ ഇടപെടലോടെ ഉറപ്പാക്കിയിട്ടുണ്ട്. കെ.എസ്.എഫ്.ഇയുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സബ്സിഡി കൂടി പ്രയോജനപ്പെടുത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ അടിസ്ഥാന പഠനോപകരണമായി മാറിയ കമ്പ്യൂട്ടറുകള്‍ കൂടി സാധാരണക്കാരുടെ മക്കളില്‍ എത്തിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിന്റെ സാമ്പത്തികവും സാങ്കേതികവുമായുള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ കെ.എസ്.എഫ്.ഇ പോലുള്ള സര്‍ക്കാറിന്റെ ധനകാര്യ സ്ഥാപനങ്ങളെ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി കണ്ണി ചേര്‍ക്കാനായതിന്റെ മികച്ച ഉദാഹരണമാണ് വിദ്യാശ്രീ പദ്ധതിയെന്ന് സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. ഐസക് പറഞ്ഞു. കെ. ഫോണ്‍ സംവിധാനം കൂടി പ്രചാരത്തിലെത്തുന്നതോടെ ഇ - ഗവേണന്‍സില്‍ വലിയ കുതിച്ചുചാട്ടമാണ് സംസ്ഥാനത്തുണ്ടാകുക. കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിനായത് ഭാവിയിലേക്കുള്ള വലിയ നേട്ടമാണെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാര്‍ഥ്യമാക്കാനായെന്നത് പൊതു സമൂഹം തിരിച്ചറിയുന്നിടത്താണ് സര്‍ക്കാറിന്റെ വികസന - ക്ഷേമ പദ്ധതികളുടെ വിജയമെന്ന് ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ആധുനികതക്കൊപ്പമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് കൂടി കൈത്താങ്ങാകാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണമായി ലാപ്ടോപ്പ് എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.എഫ്.ഇയുടെ സാമ്പത്തിക സഹകരണത്തോടെ കുടുംബശ്രീയും ഐ.ടി വകുപ്പും ചേര്‍ന്ന് വിദ്യാശ്രീ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് കെ.എസ്.എഫ്.ഇയുടെ പ്രത്യേക ചിട്ടിയിലൂടെ സബ്സിഡി നിരക്കില്‍ ലാപ്ടോപ്പ് ലഭ്യമാക്കുന്നതാണ് പദ്ധതി. 500 രൂപ വീതമുള്ള 30 മാസത്തെ തവണകള്‍ അടക്കേണ്ട പദ്ധതിയില്‍ അംഗമായി ആദ്യ മൂന്ന് മാസത്തെ തുക അടവാക്കുന്നതോടെ ലാപ്ടോപ്പുകള്‍ ലഭ്യമാക്കും. ആശ്രയ, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ, മത്സ്യബന്ധന വിഭാഗങ്ങളിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുക. പിന്നീടിന് മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ആശ്രയ കുടുംബങ്ങളിലുള്ളവര്‍ക്ക് 50 ശതമാനം കെ.എസ്.എഫ്.ഇ സബ്സിഡിയായി നല്‍കും. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 25 ശതമാനം സബ്സിഡി തുകയും ലഭിക്കും. പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ, മത്സ്യബന്ധന വിഭാഗങ്ങളിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന സബ്സിഡിയും അധികമായി ലഭിക്കും.

ജില്ലാതല പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. പദ്ധതിയില്‍ അപേക്ഷകരായ ഏഴ് ഗുണഭോക്താക്കള്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം, മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, ഉപാധ്യക്ഷ കൊന്നോല ഫൗസിയ, നഗരസഭാ കൗണ്‍സിലര്‍ കെ.പി.എ. ഷരീഫ്, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍. മുഹമ്മദ് ഷാ, മലപ്പുറം റീജിയണ്‍ എ.ജി.എം. ശ്രീകല. ആര്‍. ശര്‍മ്മ, കുടുംബശ്രീ എ.ഡി.എം.സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.