ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

post

സ്‌കൂളുടെ വികസനത്തിനായി കിഫ്ബി വഴി 5000 കോടി അനുവദിച്ചു

ജില്ലയില്‍ 11 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒതുങ്ങാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും കൊണ്ടുവന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89 സ്‌കൂള്‍ കെട്ടിടങ്ങളുടെയും 41 ഹൈടെക് ലാബുകളുടെ ഉദ്ഘാടനവും 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ 11 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

കലാലയങ്ങള്‍, ഉന്നതപഠന കേന്ദ്രങ്ങള്‍ എന്നിവ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുന്ന നിലയിലേക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ അത്രയും കോഴ്‌സുകള്‍ കേരളത്തില്‍ തന്നെ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് വിദ്യാഭ്യാസം തേടിയെത്തുന്നതോടെ വിദ്യാഭ്യാസ മേഖലയെ ഒരു ഹബ്ബായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുടെ വികസനത്തിനായി 5000 കോടി രൂപയാണ് കിഫ്ബിയിലൂടെ അനുവദിച്ചത്. 6.80ലക്ഷം കുട്ടികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തി. എയ്ഡഡ് ആയാലും സര്‍ക്കാര്‍ സ്‌കൂളുകളായും സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മുന്നോട്ട് പോകാന്‍ പ്രയാസമെന്ന് കണ്ടെത്തിയ പത്ത് എയ്ഡഡ് സ്‌കൂളുകളെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

973 വിദ്യാലയങ്ങള്‍ക്കായി 2350 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്നും 1702 സ്‌കൂളുകള്‍ക്ക് 1375 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിനുപുറമെ നബാര്‍ഡ് , സമഗ്രശിക്ഷ, ജനപ്രതിനിധികളുടെ ആസ്ഥി വികസന ഫണ്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 793 കോടി രൂപ സ്‌കൂളുകളുടെ ആധുനികവല്‍ക്കരണത്തിനായി കിഫ്ബിയില്‍ നിന്നും വകയിരുത്തിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അരൂര്‍ നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചന്ദിരൂര്‍, മൂന്നു കോടി കിഫ്ബി ഫണ്ടും ധനകാര്യ- കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപയും ഉപയോഗിച്ചു നിര്‍മിച്ച ആലപ്പുഴ നിയോജകമണ്ഡലത്തിലെ പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ പെരിങ്ങലിപ്പുറം ഗവണ്‍മെന്റ് യു.പി.എസ്., കീഴവന്മഴി ഗവണ്‍മെന്റ് ജെ.ബി.എസ്., ഇടനാട് ഗവണ്‍മെന്റ് ജെ.ബി.എസ്., ചെറിയനാട് ഗവണ്‍മെന്റ് ജെ.ബി.എസ്., പുന്തല ഗവണ്‍മെന്റ് ജെ.ബി.എസ്., മാവേലിക്കര നിയോജകമണ്ഡലത്തിലെ പാലമേല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്., ചത്തിയറ ഗവണ്‍മെന്റ് എല്‍.പി.എസ്., കായംകുളം നിയോജകമണ്ഡലത്തില്‍ അഡ്വ.യു. പ്രതിഭ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് 3.35 കോടി രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കുട്ടനാട് നിയോജക മണ്ഡലത്തിലെ കുട്ടമംഗലം ഗവണ്‍മെന്റ് എല്‍.പി.എസ്., എം.പി. ലാഡ്- റിലീഫ് ഫണ്ട് പദ്ധതി വഴി രണ്ടു കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന കണ്ണാടി ഗവണ്‍മെന്റ് യു.പി.എസ്. എന്നീ സ്‌കൂളുകളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.