ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

post

പാലക്കാട് : പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പാലത്തറയിലെ അഞ്ചേക്കറില്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി  നിര്‍വഹിച്ചു. ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കര്‍ഷര്‍ക്ക് മാത്രമല്ല തൊഴിലാളികള്‍ക്ക് കൂടി സ്ഥാപനം ഗുണകരമാണ്. കര്‍ഷക ഉത്പന്നങ്ങള്‍ സംസ്‌ക്കരിക്കാനും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും ഇവിടെ സൗകര്യമുണ്ടാകും. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പൂര്‍ണമായും പ്രവര്‍ത്തനമാകുമ്പോള്‍ 100 കോടിയുടെ മൂലധനം പദ്ധതിക്ക് ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകളുടെ വിപണനം ശക്തിപ്പെടുത്തുകയാണ് മാര്‍ക്കറ്റിന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഇവിടെ എത്തിച്ചു വില്‍ക്കാനാവും. ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ്, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും പാക്കിങ്ങും, കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള ഇടം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. വിപണിയെക്കാള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താവിന് സാധനങ്ങള്‍ വാങ്ങാനുമാവും.

പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി മുരുകദാസ് അധ്യക്ഷനായി. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി എസ് ശിവദാസ്, പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റിച്ചേര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പര്‍ഷന്‍ മേധാവി സുധീര്‍ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.