സിവില്‍ ഡിഫന്‍സ് പദ്ധതി: പരിശീലനം പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂരിലെ വളണ്ടിയര്‍മാര്‍

തൃശൂര്‍ : സിവില്‍ ഡിഫന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേഷന് തല പരിശീലനം പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂരിലെ വളണ്ടിയര്‍മാര്‍. ആറു ദിവസം കൊണ്ടാണ് 50 പേര് പരിശീലനം പൂര്‍ത്തിയാക്കിയത്. കൊടുങ്ങല്ലൂര്‍ അഗ്നിരക്ഷാ നിലയത്തിന് കീഴില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ പരിശീലനത്തിന് അപേക്ഷിച്ചത്. പരിശീലനം പൂര്‍ത്തിയായ ഇവര്‍ക്ക് ജില്ലാ തലത്തിലും അവിടെനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഗ്പൂര്‍ ദേശീയ അഗ്നിരക്ഷാ പ്രതിരോധ അക്കാദമിയിലുമായി വിദഗ്ധ പരിശീലനം നല്‍കും.
കൊടുങ്ങല്ലൂരില്‍ പരിശീലനത്തിനിടെ കോട്ടപ്പുറത്ത് പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന 50 വാഹനങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍ സേനയും വളണ്ടിയര്‍മാരും രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. സ്റ്റേഷന് തല പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാരും അഗ്നിരക്ഷാസേനാംഗങ്ങളും പരിസരവാസികളും ചേര്‍ന്ന സൗഹൃദ സംഗമവും പുല്ലൂറ്റ് അഗ്നിരക്ഷാ നിലയത്തില്‍ നടന്നു. സംഗമത്തില്‍ റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ജമാല്‍, ഫൈസല്‍ കോറോത്ത്, സ്റ്റേഷന് ഓഫീസര്‍ എം രാജേന്ദ്ര നാഥ് എന്നിവര്‍ പങ്കെടുത്തു.