സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോ : മുഖ്യമന്ത്രി

post

കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ, ഇന്റഗ്രേറ്റഡ് അര്‍ബന്‍ വാട്ടര്‍ റീജുവനേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മ്മാണം, പനങ്കുറ്റി പാലം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ മെട്രോയുടെ സഞ്ചാരപാത കൊച്ചി ഇന്‍ഫോ പാര്‍ക്കിലേക്കും സ്മാര്‍ട്ട് സിറ്റിയിലേക്കും നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിലെ ദീര്‍ഘിപ്പിക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഫോപാര്‍ക്കിലെയും സ്മാര്‍ട്ട് സിറ്റിയിലെയും ജീവനക്കാരുടെ യാത്ര സുഗമമാകും.

പരിസ്ഥിതി സന്തുലിതാവസ്ഥയിലൂടെ സുസ്ഥിര ഗതാഗതമെന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്ക്കാരമാണ് വാട്ടര്‍ മെട്രോ. സഞ്ചാരത്തിന് ഉപയോഗിക്കുന്ന എ.സി ബോട്ടുകള്‍ പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ വഴിയുണ്ടാകുന്ന പാരിസ്ഥിതിക നാശം ഒഴിവാകും.

ഫ്‌ളോട്ടിംഗ് ജെട്ടികള്‍ ഉപയോഗിക്കുന്നതു വഴി രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹാര്‍ദ്ദ സംവിധാനമായി വാട്ടര്‍ മെട്രോ മാറി. ആദ്യഘട്ടത്തില്‍  കൊച്ചിയുടെ സമീപത്തെ 10 ദ്വീപുകളെയാണ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്.  ദ്വീപുകളെ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടാകുന്നത്. ഇതിലൂടെ ദ്വീപ് നിവാസികളുടെ ജീവിത തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

കൊച്ചി മെട്രോയില്‍ ആകെ 78 ബോട്ടുകളും 38 ടെര്‍മിനലുകളുമാണുള്ളത്. ആദ്യ ഘട്ടത്തില്‍ 16 ടെര്‍മിനലുകളാണ് നിര്‍മിക്കുക. വൈറ്റിലയിലെയും കാക്കനാട്ടെയും ടെര്‍മിനലുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

കൊച്ചിയിലെ ആറ് പ്രധാന കനാലുകളെ നഗരത്തെ ചുറ്റുന്ന നദികളിലേക്കുള്ള പ്രവേശനത്തിനായി ഉപയോഗയോഗ്യമാക്കുകയാണ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ വാട്ടര്‍ റീജുവനേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 1528 കോടി രൂപ ചെലവില്‍ 34.5 കിലോമീറ്റര്‍ പാതയാണ് ഗതാഗത യോഗ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക്  പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. മനുഷ്യനെ കാണാതെയുള്ള  വികസനമല്ല ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന വികസനമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

22 മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ച പനങ്കുറ്റി പാലം 15 മാസത്തില്‍ പൂര്‍ത്തീകരിക്കാനായത് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവും സര്‍ക്കാരിന്റെ ശ്രമഫലവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.