രാജ്യാന്തര ചലച്ചിത്ര മേള; തലസ്ഥാനത്ത് സമാപിച്ചു; എറണാകുളത്ത് നാളെ കൊടിയേറ്റം

post

തിരുവനന്തപുരം: ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച രാജ്യാന്തര മേളയുടെ ആദ്യ മേഖലാ പ്രദര്‍ശനത്തിന് തലസ്ഥാനത്ത് കൊടിയിറങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചു നടന്ന മേളയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാല്‍ സജീവമായിരുന്നു മേള. ഓണ്‍ലൈനില്‍ ആയിരുന്നു മിക്ക സംവിധായകരും പ്രേക്ഷകരുമായി സംവദിച്ചത്. ഓസ്‌കാറിലെ മത്സര ചിത്രങ്ങളടക്കം 80 ചിത്രങ്ങള്‍  കാഴ്ചവസന്തമൊരുക്കിയ മേളയില്‍ മിക്ക മലയാളചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി .

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങള്‍ എല്ലാ പ്രദര്‍ശനങ്ങളിലും മികച്ച പ്രതികരണം നേടി . ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്.  പ്രതീക്ഷയുയര്‍ത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തില്‍ നിന്ന് ഉള്‍പ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മേളയില്‍  ലോകസിനിമാ വിഭാഗത്തില്‍  22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബോസ്നിയന്‍ വംശഹത്യയുടെ കഥപറഞ്ഞ  'ക്വോ വാഡിസ്, ഐഡ?' യില്‍ തുടങ്ങിയ മേള  ബെല്‍ജിയം ചിത്രം സമ്മര്‍ ഓഫ് 85 ലാണ് അവസാനിച്ചത്  ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്പൈ, നെവര്‍ ഗോന്നാ സ്നോ എഗയ്ന്‍, ദ വേസ്റ്റ് ലാന്‍ഡ്, കൊസ, 9 ,75  തുടങ്ങിയ  ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക ഹൃദയം കീഴടക്കി .കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി,1956 മധ്യതിരുവതാംകൂര്‍ എന്നിവയും  പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു .

സംവിധായകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും  ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ നവ്യാനുഭവമായി.

മികവാര്‍ന്ന മേളയെന്ന് എ കെ ബാലന്‍

രാജ്യാന്തര ചലച്ചിത്ര മേള പ്രതിസന്ധികാലത്തും തളരാത്ത കേരളത്തിന്റെ  സാംസ്‌ക്കാരിക മനസിന്റെ  ഉത്തമ മാതൃകയെന്ന്  മന്ത്രി എ കെ ബാലന്‍. ഏതു പ്രതിസന്ധിയിലും കല ഒരു അതിജീവനമാര്‍ഗമാണെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് തിരുവനന്തപുരത്ത് നടന്ന മേളയെന്നും  അദ്ദേഹം പറഞ്ഞു. മേള വന്‍വിജയമാക്കിയ എല്ലാ പ്രതിനിധികള്‍ക്കും  അദ്ദേഹം നന്ദി അറിയിച്ചു.

രാജ്യാന്തര മേള:മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്തു നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദ ഹിന്ദുവിലെ എസ്.ആര്‍ പ്രവീണും ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ സഹല്‍ സി.മുഹമ്മദും നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ മാതൃഭൂമി ന്യൂസിലെ ഗിരീഷ് കുമാറാണ്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍  മിഥുന്‍ സുധാകര്‍, 24 ന്യൂസിലെ ക്യാമറാമാന്‍ അഭിലാഷ് തൊഴുവന്‍കോട് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. അച്ചടി മാധ്യമങ്ങളിലെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് പരിഗണനാര്‍ഹമായ എന്‍ട്രികളില്ലെന്ന് ജൂറി വിലയിരുത്തി. തിരുവനന്തപുരമുള്‍പ്പെടെയുള്ള നാല് മേഖലകളിലെയും മികച്ച പ്രകടനം വിലയിരുത്തിയാണ് അച്ചടി, ദൃശ്യ, ശ്രവ്യ പുരസ്‌കാരം നിശ്ചയിക്കുക. ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും.