മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

post

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിന് തിരുവനന്തപുരത്തെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു ദിവസമായി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

വിഷു, ഈസ്റ്റര്‍, റംസാന്‍ തുടങ്ങി വിവിധ ആഘോഷങ്ങളും പരീക്ഷകളും കണക്കിലെടുത്താവും തീയതി നിശ്ചയിക്കുക. കേന്ദ്ര സേനകളുടെ ലഭ്യതയും പരിഗണിക്കും. രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് സമയം നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ട്. തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം വോട്ടെടുപ്പ് സമയക്രമവും അറിയിക്കും. എല്ലാ പോളിംഗ് ബൂത്തുകളും താഴത്തെ നിലയില്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓക്സിലറി ബൂത്തുകളടക്കം 40,000ത്തോളം പോളിംഗ് ബൂത്തുകളാവും കേരളത്തില്‍ ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശം കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യമനുസരിച്ച് ഇതില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വരുത്താവുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് ബിഹാര്‍ തിരഞ്ഞെടുപ്പ് നടത്താനായി. കേരളത്തിലും ഇത് സാധ്യമാകും.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ ഫീസ് ഈടാക്കുന്നുവെന്ന പരാതി രാഷ്ട്രീയ കക്ഷികള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി.

മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് 19 കിറ്റ് നല്‍കുകയും മുന്നണിപ്പോരാളികളായി കണക്കാക്കി വാക്സിന്‍ നല്‍കുകയും ചെയ്യും. കോവിഡ് മാനദണ്ഡം പാലിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.

80 വയസു കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാവും. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.

വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികള്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. തിരഞ്ഞെടുപ്പ് നടപടികളില്‍ പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും ചില മാധ്യമങ്ങളുടെ പക്ഷമാതിത്വവും ഒഴിവാക്കാന്‍ നടപടി വേണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍, ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുധീപ് ജെയിന്‍, മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, എ. ഡി. ജി ഷെഫാലി ബി. ശരണ്‍, സെക്രട്ടറി എ. കെ. പാഠക്, ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു. 14ന് രാവിലെ കേന്ദ്ര സംസ്ഥാന എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. ഉച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറി, മറ്റ് സെക്രട്ടറിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടന്നു.