നൂറ് ദിന കര്‍മപദ്ധതി: മത്സ്യ മേഖലയിലെ 104 റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മത്സ്യ മേഖലാ വികസനം ലക്ഷ്യമിട്ട് പൂര്‍ത്തീകരിച്ച 104 റോഡുകളുടെ ഉദ്ഘാടനവും 80 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി  നിര്‍വഹിച്ചു. സംസ്ഥാനത്ത് തീരദേശ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. മത്സ്യമേഖലയുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ സാക്ഷ്യപത്രമാണ് യാഥാര്‍ത്ഥ്യ മായിരിക്കുന്നത്.

സമാനതകളില്ലാത്ത വിധത്തിലുള്ള ദുരന്തങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുന്ന അവസരത്തിലും സമസ്ത മേഖലകളുടെയും ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലരവര്‍ഷക്കാലയളവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് പൂര്‍ത്തിയാക്കിയ തലായ്, ചേറ്റുവ, മഞ്ചേശ്വരം, മുതലപ്പൊഴി, കൊയിലാണ്ടി എന്നീ മത്സ്യബന്ധന  തുറമുഖങ്ങളും നാടിനു സമര്‍പ്പിച്ചു.  സംസ്ഥാനത്തുടനീളം ഏകദേശം 800 കോടി രൂപ  അടങ്കല്‍ വരുന്ന 1780 റോഡുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കി. ഇതില്‍ 350 കോടി രൂപ അടങ്കല്‍ തുക വരുന്ന 757 റോഡുകളുടെ നിര്‍മ്മാണം ഇതിനകം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.  

പരപ്പനങ്ങാടിയില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ചെത്തി മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വികരിച്ചുവരുന്നു. താനൂര്‍, വെള്ളയില്‍, ചെല്ലാനം എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ  നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത്  2.50 കോടി രൂപയുടെ ഒന്‍പത് റോഡുകളും, കൊല്ലത്ത് 4.89 കോടി രൂപയുടെ ഒന്‍പത് റോഡുകളും,  ആലപ്പുഴയില്‍ 9.22 കോടി രൂപയുടെ 26 റോഡുകളും, എറണാകുളത്ത് 3.86 കോടി രൂപയുടെ ഏഴു റോഡുകളും, തൃശ്ശൂരില്‍  5.85 കോടി രൂപയുടെ 11 റോഡുകളും, മലപ്പുറത്ത് 7.41 കോടി രൂപയുടെ ഒന്‍പത് റോഡുകളും, കോഴിക്കോട്  3.09 കോടി രൂപയുടെ ആറു റോഡുകളും, കണ്ണൂരില്‍ 8.42 കോടി രൂപയുടെ 17 റോഡുകളും, കാസര്‍ഗോഡ്  4.51 കോടി രൂപയുടെ 10 റോഡുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

തീരസംരക്ഷണത്തിനായി 46.94 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മുതലപ്പൊഴി, കായംകുളം, തോട്ടപ്പള്ളി, ചേറ്റുവ, തലായ്, മഞ്ചേശ്വരം  എന്നിവടങ്ങളില്‍ നടത്തി വരുന്നു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നീണ്ടകര,  തങ്കശ്ശേരി, കായംകുളം എന്നീ മത്സ്യബന്ധനതുറമുഖങ്ങളുടെ വികസനത്തിനായി 57.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് പ്രവൃത്തി ഏര്‍പ്പാടാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആര്‍ കെ വി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ ചോമ്പാല്‍, ബേപ്പൂര്‍, പുതിയാപ്പ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ 16.08 കോടി രൂപയുടെ  വികസനപ്രവൃത്തികള്‍  നടപ്പിലാക്കി.

ചടങ്ങില്‍  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,   മന്ത്രിമാരായ കെ ടി ജലീല്‍,  പി തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്  ചീഫ് എന്‍ജിനീയര്‍ ബി ടി വി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.