സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി: മുഖ്യമന്ത്രി

post

റീബില്‍ഡ് കേരള: 99 കോടി രൂപയുടെ റോഡ് നവീകരണപ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ കീഴില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്ന മല്ലപ്പള്ളി-കോമളം- പടുതോട്-കല്ലൂപ്പാറ-ചെങ്ങരൂര്‍-കോമളം-കവുങ്ങും പ്രയാര്‍-പാട്ടക്കാല - ടി.എം.വി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ സാങ്കേതികതയോടെയാണ് 98 ശതമാനം റോഡുകളും പൂര്‍ത്തിയായത്. വികസന കാര്യത്തില്‍ മാത്രമല്ല ക്ഷേമകാര്യത്തിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. 3600 കോടി രൂപ ചിലവില്‍ 1153 കിലോമീറ്റര്‍ നീളമുള്ള മലയോര ഹൈവേ സാധ്യമാകുന്നതോടുകൂടി മലയോര മേഖല ആകെ ഒന്നിക്കും. മലയോര മേഖലകളില്‍ ആധുനികതയോടെ നിര്‍മ്മിച്ച റോഡുകളും സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല മണ്ഡലത്തില്‍ നടന്നത് 1000 കോടിയിലധികം രൂപയുടെ വികസനം: മാത്യു ടി.തോമസ് എം.എല്‍.എ

മല്ലപ്പള്ളി-കോമളം-പടുതോട്-കല്ലൂപ്പാറ-ചെങ്ങരൂര്‍-കോമളം- കവുങ്ങും പ്രയാര്‍-പാട്ടക്കാല-ടി.എം.വി റോഡിന്റെ നിര്‍മ്മാണോദ്ഘാടവും നടന്നതോടുകൂടി അഞ്ചു വര്‍ഷം കൊണ്ട് 1000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ തിരുവല്ല മണ്ഡലത്തില്‍ നടത്തിയതായി മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. 43 കോടി രൂപ ചിലവില്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ല് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഞായറാഴ്ച തിരുവല്ല ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും എം.എല്‍ എ പറഞ്ഞു.

136.6 കോടി രൂപയുടെ ഭരണാനുമതിയാണ് മല്ലപ്പളളി-കോമളം- കല്ലൂപ്പാറ-ചെങ്ങന്നൂര്‍- കവുങ്ങുംപ്രയാര്‍ -പാട്ടക്കാല - ടി. എം. വി.എന്നീ റോഡിന് ലഭിച്ചത്. 23 കിലോ മീറ്റര്‍ നീളമാണ് ഈ റോഡിനുളളത്.

റോഡിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ റീബില്‍ഡ് കേരള ഇനീഷ്യറ്റീവ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി - ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. 18 മാസമാണ് പൂര്‍ത്തീകരണ കാലാവധി. അഞ്ച് വര്‍ഷം പരിപാലന കാലാവധിയുമുണ്ട്. നിലവിലുള്ള 23 കിലോമീറ്റര്‍ ബി.എം ബി.സി നിലവാരത്തില്‍ പുനരുദ്ധാരണം, ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്കുകള്‍, ഓടകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിംഗ്, ക്രാഷ് ബാരിയര്‍ ദിശാ സൂചനാ  ബോര്‍ഡുകള്‍ ആര്‍ ടി സി  പ്രകാരമുളള വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുക.