ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉണര്‍വേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകള്‍

post

തിരുവനന്തപുരം : ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ സൃഷ്ടിച്ചത് 2,20,047 തൊഴിലുകള്‍. 5846.51 കോടി രൂപ മുതല്‍ മുടക്കില്‍ 62593 യൂണിറ്റുകളിലൂടെയാണ് ഇത് സാധ്യമായത്. 2019ലെ 'കേരള സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍' നടപ്പിലാക്കിയതിലൂടെ ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. മുന്‍കൂട്ടി ലൈസന്‍സില്ലാതെ 10 കോടി വരെ മുതല്‍മുടക്കുള്ള ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാന്‍ കഴിയുമെന്നത് വ്യവസായ മേഖലയിലെ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ചു. ഉല്‍പന്ന മേഖലയിലുള്ള പുതിയ 5026 യൂണിറ്റുകള്‍ക്കായി 236.84 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നല്‍കിയത്.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ 20 ഏക്കര്‍ മുതല്‍ 650 ഏക്കര്‍ വരെയുള്ള ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് നല്‍കുന്നുണ്ട്. ഇങ്ങനെ നല്‍കിയ ഭൂമിയിലെ 39 കെട്ടിടങ്ങളിലായി 2350 യൂണിറ്റുകള്‍ക്ക് 75.56 കോടിയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.  ഇതോടൊപ്പം കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് വ്യവസായികള്‍ക്ക് നല്‍കുന്ന മള്‍ട്ടിസ്റ്റോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടവും പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തില്‍, ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ തൃശൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന 19.64 കോടിരൂപയുടെ പുഴക്കല്‍പാടം പദ്ധതിയും ആലപ്പുഴ ജില്ലയില്‍ 48459.12 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന 12.87 കോടിരൂപയുടെ പുന്നപ്ര പദ്ധതിയും, 134555.55 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന 25.65 കോടി രൂപയുടെ പുഴക്കല്‍പാടം രണ്ടാംഘട്ട പദ്ധതിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തീകരിച്ച് വ്യവസായികള്‍ക്ക് നല്‍കും. ആറ് എംഎസ്എംഇ ക്ലസ്റ്ററുകള്‍ക്കായി 989.83 ലക്ഷം രൂപയാണ് സംസ്ഥാന വിഹിതമായി നല്‍കിയത്.

നിലവിലുള്ള യൂണിറ്റുകളില്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ടെക്‌നോളജി ക്ലിനിക്കുകളും, സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാമുകളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ശരാശരി 30,000 ആളുകളാണ് സംരംഭകത്വ വികസന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 6,000 ത്തിലധികം പേര്‍ ഓരോ വര്‍ഷവും സംരംഭകരാകുന്നു. ഇതിലൂടെ പ്രതിവര്‍ഷം ശരാശരി 15000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. എംഎസ്എംഇകള്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങളുടെ വിപണന സാധ്യത മെച്ചപ്പെടുത്തുന്നതിനായി ഓരോ ജില്ലയിലും എക്‌സിബിഷനുകളും വ്യാപാര മേളകളും മെഷിനറി എക്‌സ്‌പോകളും സംഘടിപ്പിക്കുന്നുണ്ട്. ആഭ്യന്തര, ആഗോള വിപണികളില്‍ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കൊമേഴ്‌സ് മിഷന്‍ പോലുള്ള പരിപാടികളും സര്‍ക്കാര്‍ നടത്തുന്നു. സംരംഭം ആരംഭിക്കാന്‍ വിവിധ അനുമതികളും ലൈസന്‍സുകളും നേടുന്ന പ്രക്രിയ എളുപ്പത്തിലാക്കിയുള്ള ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ വ്യവസായിക വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്.

job