വിനോദ സഞ്ചാര വകുപ്പിന്റെ 25 പദ്ധതികള്‍ ടൂറിസം സാധ്യതകളെ കുടുതല്‍ ഊര്‍ജസ്വലമാക്കും: മുഖ്യമന്ത്രി

post

ആറന്മുള ടൂറിസം ഡെസ്റ്റിനേഷന്‍ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കോവിഡ് പ്രതിസന്ധി കാലത്തും വിനോദ സഞ്ചാര വകുപ്പിന്റെ 25  ടൂറിസം പദ്ധതികള്‍ ടൂറിസം സാധ്യതകളെ കുടുതല്‍ ഊര്‍ജസ്വലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആറന്മുള ടൂറിസം ഡെസ്റ്റിനേഷന്‍ വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതോടൊപ്പം വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 25 പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

60 കോടി രൂപ ചിലവിലാണു 25 പദ്ധതികള്‍ നടപ്പിലായത്. വലിയ തോതില്‍ ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഉത്തരവാദിത്വ ടൂറിസം യാഥാര്‍ത്ഥ്യമായതോടെ ഓരോ ടൂറിസം മേഖലയിലുള്ള ജനങ്ങള്‍ക്കും പ്രാദേശികമായ പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാരൂപങ്ങള്‍, കൃഷി രീതി, പരമ്പരാഗത കരകൗശല രംഗം, ഭക്ഷണം എന്നിവ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേക്കു മാറുകയാണ്. അവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഈ 25 പദ്ധതികളും സഹായകമാകും. വായു, മണ്ണ്, ജലം, ജീവ ജാലങ്ങള്‍, പൈതൃകം, പരമ്പരാഗതകലാവിദ്യകള്‍, തുടങ്ങിയവയെല്ലാം കേരളത്തിന്റെ പൊതു സ്വത്താണ്. ഈ പൊതു സ്വത്തിനേയാണ് ടൂറിസം ആകര്‍ഷക കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റായ ആറന്മുള സത്രക്കടവില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപയുടെ ആറന്മുള ടൂറിസം ഡെസ്റ്റിനേഷന്‍ വികസന പദ്ധതിയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 110 മീറ്റര്‍ വരുന്ന ഫിനിഷിങ് പോയിന്റിലെ ആറ്റുതീരം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കല്‍, 110 മീറ്ററോളം വരുന്ന നദീതീരത്തോടു അടുത്ത് കിടക്കുന്ന പാത ഇന്റര്‍ലോക്ക് പാകല്‍, സ്റ്റെപ്പുകളുടെയും റാമ്പുകളുടെയും നവീകരണം, പവലിയന്റെ നവീകരണം, മുതലായവയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്,  ടൂറിസം വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍, എഡിഎം ഇ.മുഹമ്മദ് സഫീര്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറന്മുള ടൂറിസം പദ്ധതിയിലൂടെ സാധ്യമാകുന്നത് പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും സംരക്ഷണം

പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും സംരക്ഷണം കൂടിയാണ് ആറന്മുള ടൂറിസം വികസന പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പറഞ്ഞു.ആറന്മുള ടൂറിസം ഡെസ്റ്റിനേഷന്‍ വികസന പദ്ധതി ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.

ആറന്മുളയുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റേയും കൂടി ഭാഗമാണ് ആറന്മുള വള്ളംകളി. 50 ലക്ഷം രൂപ ചിലവഴിച്ച് 110 മീറ്റര്‍ വരുന്ന ഫിനിഷിങ് പോയിന്റിലെ ആറ്റുതീരം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കല്‍, 110 മീറ്ററോളം വരുന്ന നദീതീരത്തോടു അടുത്ത് കിടക്കുന്ന പാത ഇന്റര്‍ലോക്ക് പാകല്‍, സ്റ്റെപ്പുകളുടെയും റാമ്പുകളുടെയും നവീകരണം, പവലിയന്റെ നവീകരണം, മുതലായവയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട വികസനത്തിനുള്ള എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.