സിവില്‍ സര്‍വ്വീസ് സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് വയനാട് ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായി

post

വയനാട് : സിവില്‍ സര്‍വ്വീസ് സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി ജില്ലയില്‍ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായി. വയനാട് ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലാണ് ഉപകേന്ദ്രം ആരംഭിച്ചത്. 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോഴ്‌സുകളും കുറവുള്ള ജില്ലയില്‍ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇവ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം ജില്ലയില്‍ ആരംഭിച്ചത്. നിലവില്‍ ജില്ലയിലുള്ള കോളേജില്‍ കൂടുതല്‍ കോഴ്‌സുകളും അനുവദിച്ചിട്ടുണ്ട്. പുതിയ കോളേജുകളും കോഴ്‌സുകളും ആരംഭിക്കുന്നതിന് ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാക്ഷരതാ നിരക്കും, ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണവും കൂടുതലാണെങ്കിലും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ കുറവാണ്. ഇത് പരിഹരിക്കുന്നതിനും പരീക്ഷകളില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുമാണ് പിന്നോക്ക ജില്ലയായി വയനാട്ടില്‍ ഉപകേന്ദ്രം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. സിവില്‍ സര്‍വ്വീസ് ലഭിക്കുന്നവര്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും, ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമയബന്ധിതമായി ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ആദിവാസി ജനവിഭാഗങ്ങളും, തോട്ടം തൊഴിലാളികളും, ചെറുകിട കര്‍ഷകരും കൂടുതലുള്ള ജില്ലയില്‍ അവരുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായത്. എല്ലാ ഞായറാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് ക്ലാസ്സുകള്‍. ഒന്നാം വര്‍ഷ പരിശീലന ക്ലാസ്സുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി, നഗരസഭ കൗണ്‍സിലര്‍ സി.എം. ശിവരാമന്‍, ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ എം.എസ്. രാജിമോള്‍, കോര്‍ഡിനേറ്റര്‍ സോബിന്‍ വര്‍ഗീസ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.