കഴിഞ്ഞ ഡിസംബര്‍ 31 വരെ 1,55,544 പേര്‍ക്ക് പി. എസ്. സി നിയമനം നല്‍കി

post

തിരുവനന്തപുരം : ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 1,55,544 പേര്‍ക്ക് പി. എസ്. സി വഴി നിയമനം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഡൈ്വസ് മെമ്മോ നല്‍കിയ 4031 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ നിയമനം നടത്തിയതും ഈ സര്‍ക്കാരാണ്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 3113 റാങ്ക് ലിസ്റ്റുകളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സി 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇത്തരത്തില്‍ നീട്ടുന്നത്. എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ്, 14 ജില്ലകളിലേയും സ്റ്റാഫ് നഴ്‌സ്, എല്‍ഡി ഡ്രൈവര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സിവില്‍ സപ്ലൈസില്‍ സെയില്‍സ് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകള്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതില്‍ ഉള്‍പ്പെടുന്നു.

സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് പ്രക്രിയക്കു തന്നെ രൂപം നല്‍കി. പിഎസ്‌സി നേരിട്ട് അവരുടെ വീടുകളില്‍ ചെന്ന് അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്ന രീതി സ്വീകരിച്ചു. പൊലീസിലും എക്‌സൈസിലും ഇത്തരത്തില്‍ പ്രത്യേക നിയമനങ്ങള്‍ നല്‍കി.

ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളില്‍ നിയമനകാര്യത്തിലും തസ്തിക സൃഷ്ടിക്കലിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ സര്‍ക്കാര്‍ 27,000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 44,000 വരും.  കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പിഎസ്‌സിക്ക് വിടുകയും ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനങ്ങളിലും സര്‍ക്കാര്‍ മുന്നേറ്റമുണ്ടാക്കി. സര്‍ക്കാര്‍ മേഖലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 51,707 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി നിയമനം നടത്തേണ്ട ഒരു തസ്തികയിലും ഈ സര്‍ക്കാര്‍ സ്ഥിര നിയമനം നടത്തിയിട്ടില്ല. നിയമനം പിഎസ്‌സിക്കു വിടാത്ത സ്ഥാപനങ്ങളില്‍ അവിടത്തെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ചില നിയമനങ്ങളാണ് നടത്തിയത്. ആ നിയമനങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.psc