അമ്മയും കുഞ്ഞും പദ്ധതി വഴി മാതൃ ശിശു ക്ഷേമം ഉറപ്പാക്കി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ: പ്രസവാനന്തരം മാതൃ ശിശു പരിചരണം ലക്ഷ്യമാക്കി അമ്മയും കുഞ്ഞും പദ്ധതി വഴി സഹായം ഉറപ്പാക്കി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ ഡിസ്പെന്‍സറി വഴിയാണ് നൂറിലേറെ വരുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വൈദ്യസഹായം നല്‍കുന്നത്. പ്രസവശേഷം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായുള്ള ആയുര്‍വേദ മരുന്നുകളാണ് പദ്ധതി വഴി നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. സാധാരണ കുടുംബങ്ങളില്‍ അംഗങ്ങളായവരുടെ പ്രസവശേഷമുള്ള ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും പൂര്‍ണമായി വീണ്ടെടുക്കുകയാണ് പദ്ധതിവഴി ലക്ഷ്യംവെക്കുന്നത്. 

എല്ലാ ദിവസവും രാവിലെ 9മണി മുതല്‍ 2 വരെ ആയുര്‍വേദ ഡിസ്പെന്‍സറി വഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്. 2019ലാണ് ഈ പദ്ധതിയുടെ ആദ്യ ഘട്ടം പഞ്ചായത്തില്‍ നടപ്പാക്കിയതെന്ന് പള്ളിപ്പുറം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു മോഹന്‍ പറഞ്ഞു. ഇതിനകം പഞ്ചായത്തിലെ നിരവധി ആളുകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീകളുടെ ആരോഗ്യത്തിനും ശിശു സംരക്ഷണത്തിനും ഈ പദ്ധതി വളരെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.