വി സാംബശിവന്‍ കഥാപ്രസംഗത്തെ ആധുനികവത്ക്കരിച്ച കലാകാരന്‍ : മുഖ്യമന്ത്രി

post

കൊല്ലം : കഥാപ്രസംഗത്തെ ആധുനികവത്ക്കരിച്ച് ആസ്വാദ്യകരമാക്കിയ അതുല്യ കലാകാരനായിരുന്നു  വി സാംബശിവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വി സാംബശിവന്റെ സ്മരണയ്ക്ക് ജന്മനാടായ ചവറ തെക്കുംഭാഗം കല്ലുംപുറത്ത് നിര്‍മ്മിച്ച സാംബശിവന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായി.

വൈകാരിക മുഹൂര്‍ത്തങ്ങളടങ്ങിയ സന്ദര്‍ഭങ്ങള്‍ ഭാവ തീവ്രതയോടെയും സംഗീതത്തിന്റെ അകമ്പടിയോടെയും അവതരിപ്പിക്കാന്‍ സാംബശിവന് കഴിഞ്ഞു. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാ സഹൃദയ മനസുകളും അദ്ദേഹത്തിന്റെ അരങ്ങിനു മുന്നില്‍ ആകാംക്ഷയോടെ  കാത്തിരുന്നു.  മലയാളിയുടെ സാഹിത്യബോധത്തെ മാത്രമല്ല സാമൂഹികബോധത്തെയും സാംസ്‌കാരിക ബോധത്തെയും കഥകളിലൂടെ വി സാംബശിവന്‍ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ ജ•നാട്ടില്‍ തന്നെ ഇത്തരമൊരു സ്മാരകം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഏറെ അഭിമാനകരമാണ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സ്മരണ നിലനിര്‍ത്തുന്നതിനും പുതിയ തലമുറയ്ക്ക് അവരുടെ സംഭാവനകള്‍ പരിചയപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ  വിവിധ ഇടങ്ങളില്‍ സ്മാരകങ്ങള്‍ പണികഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിഖ്യാത കലാകാരന്‍  വി സാംബശിവന് ജ•നാട്ടില്‍ സ്മാരകം ഒരുങ്ങിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

സാംസ്‌കാരിക വകുപ്പിന്റെ ധനസഹായത്തോടെ കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി സാംബശിവന്‍ ഫൗണ്ടേഷനായിരുന്നു  നിര്‍മാണ ചുമതല. മകന്‍ ഡോ വസന്തകുമാര്‍ സാംബശിവന്‍ ഇഷ്ടദാനം ചെയ്ത ഏഴു സെന്റ് സ്ഥലത്താണ് സ്മാരകം പൂര്‍ത്തിയാക്കിയത്.

51 ലക്ഷം രൂപ  ചെലവില്‍  രണ്ടു നിലകളിലായി നിര്‍മ്മിച്ച സ്മാരകത്തിന്റെ താഴത്തെ നിലയില്‍ സജ്ജീകരിച്ചിട്ടുള്ള മിനി ഓഡിറ്റോറിയത്തിന് സാംബശിവന്റെ ഏറെ  ജനപ്രിയ കഥാപ്രസംഗമായ ഒഥല്ലോയുടെ പേരാണ് നല്‍കിയിട്ടുള്ളത്. രണ്ടാം നിലയിലെ ലൈബ്രറിയ്ക്ക് സാംബശിവന്റെ ഗുരുവായ ഒ നാണുശാസ്ത്രിയുടെ ഓര്‍മയ്ക്കായി ഒ എന്‍ എസ് ലൈബ്രറിയെന്നും ഹാളിന് ആദ്യ കഥാപ്രസംഗകന്‍ സത്യദേവന്റെ ഓര്‍മയ്ക്കായി സത്യദേവന്‍ ഹാള്‍ എന്നുമാണ് പേര് നല്‍കിയിട്ടുള്ളത്.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിയില്‍, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.