അതിജീവിക പദ്ധതി: 146 പേര്‍ക്ക് കൂടി ധനസഹായം

post

പദ്ധതിക്കായി 54 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം: ദുരിതബാധിതരായ സ്ത്രീകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന 'അതിജീവിക' പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2019ല്‍ ആരംഭിച്ച അതിജീവിക പദ്ധതിക്ക് ആദ്യഘട്ടമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ ലഭ്യമായ അപേക്ഷകളില്‍ നിന്ന് 268 എണ്ണമാണ് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്വേഷന്‍ കമ്മിറ്റി സംസ്ഥാനതല സമിതിക്ക് ശുപാര്‍ശ ചെയ്തത്. ആദ്യഘട്ടത്തില്‍ ലഭ്യമായ 50 ലക്ഷം രൂപയില്‍ നിന്നും 122 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ശേഷിക്കുന്ന 146 പേര്‍ക്കുകൂടി പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കാനാണ് 54 ലക്ഷം രൂപ കൂടി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

കുടുംബനാഥനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അതിജീവിക. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കുടുംബത്തിന് പരമാവധി 50,000 രൂപയായിരിക്കും ഇടക്കാലാശ്വാസമായി ലഭിക്കുക.