പാരമ്പര്യേതര ഊര്‍ജ്ജ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മികവിന്റെ കേന്ദ്രം

post

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സും (കെയ്സ്) അനര്‍ട്ടും ധാരണാപത്രം  ഒപ്പുവെച്ചു

തിരുവനന്തപുരം: നൈപുണ്യ വികസനവും പാരമ്പര്യേതര ഊര്‍ജ്ജ മേഖലയില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളും  പ്രയോജനപ്പെടുത്താന്‍ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റേയും (കെയ്സ്) കേന്ദ്ര നവ നവീകരണ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെയും നേതൃത്വത്തില്‍ മികവിന്റെ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നു. സൗരോര്‍ജ്ജവും പവനോര്‍ജ്ജവും  ഫലപ്രദമായി ഉപയോഗിക്കുന്ന നവതൊഴില്‍ മേഖലയെ ലക്ഷ്യം വെക്കുന്ന പദ്ധതിയുടെ ധാരണാപത്രം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെയും സാന്നിധ്യത്തില്‍ കൈമാറി. മന്ത്രി എംഎം മണിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍  സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ് പ്രസാദ് (അനര്‍ട്ട്) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനൂപ് എം ആര്‍  (കെയ്സ്) എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം കൈമാറിയത്.

ഊര്‍ജ്ജ കേരള മിഷന്‍ പദ്ധതിയില്‍ 2022 ഓടെ ആയിരം മെഗാവാട്ട് സൗരോര്‍ജ്ജ സ്ഥാപിതശേഷിയാണ്  സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ളത് .ലക്ഷ്യം കൈവരിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ ആവശ്യകത കണക്കിലെടുത്താണ് പരിശീലന പരിപാടികള്‍ രൂപീകരിച്ചത്. അക്ഷയോര്‍ജ്ജ,  വൈദ്യുതി വാഹനങ്ങളുടെ സാങ്കേതികവിദ്യ, സോളാര്‍ പാനലുകളുടെ ഇന്‍സ്റ്റലേഷന്‍ എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി പരിശീലന പരിപാടികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. തിയറി ക്ലാസ്സുകള്‍ക്ക് പുറമേ പ്രായോഗിക പരിശീലനവും വ്യാവസായിക സംരംഭങ്ങളിലെ  തൊഴില്‍ മേഖലയില്‍ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠഭാഗങ്ങള്‍ ഒരുക്കിയത്. അക്ഷയോര്‍ജ്ജ രംഗത്തെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന അക്കാദമി കമ്മിറ്റിയാണ് കോഴ്സുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വര്‍ദ്ധിച്ചുവരുന്ന ഹരിതോര്‍ജ്ജ തൊഴിലവസരങ്ങളില്‍  ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് പങ്കെടുക്കാനും തൊഴില്‍ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.