ജനകീയമാണ് കാസര്‍കോട്ടെ പോലീസുകാര്‍

post

കാസര്‍കോട്: കര്‍ക്കശക്കാരായ പൊലീസില്‍ നിന്ന് മാറി ജനമൈത്രി പൊലീസായി ജനസൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും  മികച്ച മാതൃകയാവുകയാണ് കാസര്‍കോട്ടെ പൊലീസുകാര്‍. കോവിഡിന്റെ തുടക്കത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും കരുതലായി ജനങ്ങള്‍ക്കൊപ്പം നിന്ന് വലിയൊരു മാതൃകയാകുകയാരുന്നു ഇവിടുത്തെ പോലീസുകാര്‍. വീടുകളില്‍ അകപ്പെട്ടവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി 'സ്വരക്ഷ', അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി 'അമൃതം' എന്നീ ടെലി പ്ലാറ്റ്‌ഫോമുകള്‍ക്ക് തുടക്കമിട്ടത് കാസര്‍കോട്ടെ പോലീസുകാരാണ്. കോവിഡിന്റെ തുടക്കത്തില്‍  കോവിഡ് രോഗികളെയും നിരീക്ഷണത്തില്‍ കഴിയുന്നവരെയും ക്വാറന്റൈനില്‍ കഴിയുന്നുണ്ടന്ന് ഉറപ്പാക്കാന്‍ ബൈക്ക് പട്രോളിംഗ് അടക്കം നടപ്പാക്കി. ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കുറയ്ക്കാന്‍ ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ  ട്രിപ്പിള്‍ ലോക് ഡൗണ്‍, ഡ്രോണ്‍ നിരീക്ഷണം തുടങ്ങിയ നടപടികള്‍ പിന്നീട് കേരളമാകെ വ്യാപിപ്പിച്ചു. 

കൃത്യത ഉറപ്പാക്കാന്‍ ലീഗല്‍ സെല്‍

കേസന്വേഷണത്തിന് കൃത്യത ഉറപ്പാക്കാനായാണ് ജില്ലാ പോലീസ് ആസ്ഥാനത്ത്  ജില്ലാ പോലീസ് ലീഗല്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ കേസുകളിലും കോടതിയില്‍ ചാര്‍ജ് കൊടുക്കുന്നതിനു മുമ്പായി  കേസിനെ പറ്റി വിശദമായി പഠിച്ചു  അന്വേഷണ അപാകതകളുള്ളവ പരിഹരിക്കാനായി നിയമ കാര്യങ്ങളില്‍ യോഗ്യരായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ലീഗല്‍ രൂപിരിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജില്ലാ പോലീസ് ഓഫീസില്‍ സ്ഥാപിച്ച ജനമൈത്രി റൂം,  പൊലീസ് പരിശീലന കേന്ദ്രം തുടങ്ങിയവയെല്ലാം ജില്ലയിലെ പോലീസ് വകുപ്പിന്റെ നേട്ടങ്ങളാണ്.

കുട്ടികള്‍ക്കായി സഹൃദയയും പൊന്‍പുലരിയും പിന്നെ കേപ്സും

സാമൂഹ്യ-സാമൂദായിക പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി യുവജനക്ലബ്ബുകളുമായി സഹകരിച്ച് പോലീസ് 'സഹൃദയ' പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. കുട്ടികളില്‍ മതേതരത്വവും  ഐക്യവും മാനവികതയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി യോജിച്ച് ആരംഭിച്ച 'പൊന്‍പുലരി' പദ്ധതിയും വിജയപാതയിലാണ്. നിലവില്‍ 24 സര്‍ക്കാര്‍ സ്‌കൂളുകളിലും ഒമ്പത് എയ്ഡഡ് സ്‌കൂളുകളിലുമായി 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 37 പൊന്‍പുലരി ക്ലബ്ബുകളുണ്ട്. 'കാസര്‍കോട് പൊന്‍പുലരി'യുടെ ഫേസ്ബുക്ക് പേജിലൂടെ സാമുദായിക ഐക്യത്തിന്റെ സന്ദേശങ്ങള്‍ ഇന്ന് എല്ലാവരിലുമെത്തുന്നു.സ്‌കൂള്‍ കുട്ടികള്‍ സാമൂഹിക വിരുദ്ധര്‍, മയക്കുമരുന്ന് മാഫിയ, ലൈംഗിക മാഫിയ തുടങ്ങിയവരുടെ പിടിയിലകപ്പെടാതിരിക്കാനും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനുസായി ഹോസ്ദുര്‍ഗ് പോലീസ് ആരംഭിച്ച  കേപ്സ് (capes)പദ്ധതി, ലോക്ഡൗണില്‍ വീടുകളില്‍ ഒതുങ്ങിപ്പോയതുമൂലം മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട കുട്ടികളെ കണ്ടെത്താനും അവരില്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ള  കുട്ടികളെ തിരിച്ചറിയാനും ആത്മഹത്യ പ്രവണതയുള്ളവരെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമായി ആവിഷ്‌കരിച്ച 'പ്രത്യാശ' പദ്ധതിക്കും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു.

ശിശു സൗഹൃദമായി ആറ് സ്റ്റേഷനുകള്‍

ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളാണ്. മഞ്ചേശ്വരം, കാസര്‍കോട്, ബദിയടുക്ക, നീലേശ്വരം, രാജപുരം, ആദൂര്‍ എന്നിവയാണ് ജില്ലയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍. വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടികള്‍ക്ക് ഭയമില്ലാതെ സമയം ചെലവഴിക്കാന്‍ ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം  ഇവിടെങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.  

സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ കാസര്‍കോട്

ജില്ലാ പൊലീസ് ആസ്ഥാനത്തെ കെട്ടിടത്തിലാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.  ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ സെല്‍ ഉയര്‍ത്തിയാണ് സൈബര്‍ പൊലീസ് സ്റ്റേഷനാക്കിയത്. മൊബൈല്‍ ദുരുപയോഗം, ബാങ്കിങ്, ഓണ്‍ലൈന്‍ തട്ടിപ്പ് തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ വിശദമായി അന്വേഷിക്കാനും നടപടികള്‍ സ്വീകരിക്കാനും സൈബര്‍ പൊലീസ് സ്റ്റേഷനിലൂടെ സാധിക്കുന്നു.

കാസര്‍കോട് വനിത പൊലീസ് സ്റ്റേഷന്‍ 

ജില്ലയില്‍ സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിനായി 2020 ഏപ്രിലിലാണ് ജില്ലയില്‍ വനിത പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന കെട്ടിടത്തിലാണ്  വനിതാ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്.

അടിമുടി മാറി ബേക്കല്‍ സ്റ്റേഷന്‍

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓരോ പൊലീസ് സ്റ്റേഷന്‍ വീതം നവീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആദ്യം നവീകരിച്ച പൊലീസ് സ്റ്റേഷനാണ് ബേക്കല്‍. സോഫ സെറ്റുകളടക്കം ഇന്റീരിയല്‍ വര്‍ക്ക് ചെയ്ത ലോബി, ആധുനികരീതിയില്‍ നവീകരിച്ച ഫയല്‍, കംപ്യൂട്ടര്‍, സ്റ്റേഷന്‍ ഹൗസ്  ഓഫീസര്‍, ക്രൈം എസ്‌ഐ, പാറാവുകാര്‍ എന്നിവരുടെ മുറികള്‍, ലോക്കപ്പ്, വനിതാ ഹെല്‍പ് ഡെസ്‌കിന് പ്രത്യേകം കൗണ്ടര്‍, ടെലിവിഷന്‍, വാട്ടര്‍ പ്യൂരിഫയര്‍, മുറ്റത്ത് ഇന്റര്‍ ലോക്ക് തുടങ്ങി അടിമുടി കെട്ടും മട്ടും മാറിയിരിക്കുകയാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍.

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് 

വിദ്യാഭ്യാസം, എക്‌സൈസ്, വനം, പഞ്ചായത്ത് വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച്് നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി 2010 ല്‍  ജില്ലയില്‍  നാല് സ്‌കൂളുകളിലാണ്  ആരംഭിച്ചത്. ഇന്ന്  34 സ്-കൂളുകളിലേക്ക് പദ്ധതി വ്യാപിച്ചു.   നിലവില്‍ 1449 ജൂനിയര്‍ കേഡറ്റുകളാണുള്ളത്. പദ്ധതിയുടെ ഭഗമായി രക്തദാന ക്യാമ്പുകള്‍, മരം നടല്‍, ലഹരി വിരുദ്ധ ക്യാമ്പയിന്‍, ശുചീകരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നു. ലോക്ക് ഡൗണില്‍ 'ഒരു വയറൂട്ടാം' ക്യാമ്പയിനിന്റെ ഭാഗമായി 3410 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ടെലിവിഷനുകളും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും നല്‍കി.