നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 90.86 ലക്ഷം രൂപ അനുവദിച്ചു

post

തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കാന്‍ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കള്‍ നാഷണല്‍ ട്രസ്റ്റിലേക്ക് അടയ്ക്കേണ്ട വാര്‍ഷിക പ്രീമിയം തുക സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നല്‍കുന്നത്. കേരള സര്‍ക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണ് ഇത്രയേറെ പേരെ നിരാമയ ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പില്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നാഷണല്‍ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നിരാമയ ഇന്‍ഷുറന്‍സ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ വഴി ലോക്കല്‍ ലെവല്‍ കമ്മിറ്റികളും സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും മുഖേനയാണ് പദ്ധതി നിര്‍വഹിക്കുന്നത്. ഇപ്രകാരം 2020-21ല്‍ പുതുതായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തവരേയും പോളിസി പുതുക്കിയവരേയും ഉള്‍പ്പെടെ ആകെ 55,778 ഗുണഭോക്താക്കളുടെ പദ്ധതി പുതുക്കുന്നതിനാണ് തുക അനുവദിച്ചത്.

നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതുമായ സംസ്ഥാനം കൂടിയാണ് കേരളം.