സാന്ത്വന സ്പര്‍ശം; ഇരിട്ടി അദാലത്തില്‍ പരിഗണിച്ചത് 1266 പരാതികള്‍

post

പരാതി രഹിത കേരളം സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍: ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം മന്ത്രിമാരുടെ അദാലത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയിലാണ് നടന്നത്. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ അദാലത്തിന് മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികളില്‍ ഇതിനകം തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. പുതിയ പരാതികളില്‍ സാധ്യമായവ അദാലത്തില്‍ വച്ചുതന്നെ പരിഹരിക്കും. കൂടുതല്‍ അന്വേഷണം ആവശ്യമുള്ളവ തുടര്‍ നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

അദാലത്തിലെത്തിയ അപേക്ഷകളില്‍ ചിലത് പ്രത്യേക നയരൂപീകരണം ആവശ്യമുള്ളവയോ നിയമനിര്‍മാണം ആവശ്യമുള്ളവയോ ആണ്. അത്തരം അപേക്ഷകള്‍ ആ രീതിയില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപന ഭീതിയുടെ സാഹചര്യത്തില്‍ കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് അദാലത്തുകള്‍ നടത്തുന്നത്. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഇരിട്ടിയില്‍ നടന്ന അദാലത്തില്‍ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ ഉള്‍പ്പെടെ 1266 അപേക്ഷകളാണ് മന്ത്രിമാര്‍ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ സഹായനിധിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ (327), ബാങ്ക് ലോണ്‍ ഇളവ്/എഴുതിത്തള്ളല്‍ (313), വീട് നിര്‍മാണം (208), മുന്‍ഗണനാ റേഷന്‍ കാര്‍ഡ് (206), ഭൂമി സംബന്ധമായ പരാതികള്‍ (68), കൃഷിയുമായി ബന്ധപ്പെട്ടവ (42), സഹകരണ വകുപ്പുമായി ബന്ധപ്പെട്ടവ (28), മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടവ (74) എന്നിങ്ങനെ പരാതികളാണ് അദാലത്തിലെത്തിയത്. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഏഴ് അപേക്ഷകളില്‍ അദാലത്തില്‍ വച്ചു തന്നെ തീരുമാനം കൈക്കൊണ്ട് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അര്‍ഹത നേടിയ മറ്റ് 26 കാര്‍ഡുടമകളുടെ അപേക്ഷകള്‍ സിവില്‍ സപ്ലൈസ് ഡയരക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യും.

രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച അദാലത്ത് വൈകിട്ട് ആറു മണി വരെ നീണ്ടു. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്തിയ അദാലത്തില്‍ തെര്‍മല്‍ സ്‌കാനര്‍ പരിശോധനയ്ക്കു ശേഷമാണ് ആളുകളെ കടത്തിവിട്ടത്.

ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്സി, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളുടെ അദാലത്ത് ഇന്ന് (ചൊവ്വ) കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സകൂളിലും തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും നടക്കും.

ആദി ദേവിന് ഇനി സ്വന്തമായി നടക്കാം; എഎഫ്ഒ നല്‍കാന്‍ അദാലത്തില്‍ നിര്‍ദ്ദേശം 

ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറ് വയസ്സുകാരന്‍ ആദി ദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദി ദേവിന് നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ് ആദി ദേവിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്. ഇങ്ങനെ ഒരു അദാലത്തിന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിക്കും അദാലത്തിന് നേതൃത്വം നല്‍കിയ മന്ത്രിമാര്‍ക്കും മനസ്സറിഞ്ഞു നന്ദി പറയുകയാണ് ഈ കുരുന്ന്. പെരിങ്കരി സ്വദേശികളായ എന്‍ സുബിനഅനീഷ് ദമ്പതികളുടെ മകനാണ് ആദിദേവ്. ആദി ദേവിന്റെ പരാതി കേട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി ഉപകരണം അനുവദിക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. പരസഹായം കൂടാതെ നടക്കാന്‍ സഹായകരമാകുന്ന എഎഫ്ഒ (ആങ്ക്ള്‍ ഫൂട്ട് ഓര്‍ത്തോസിസ്) എന്ന ഉപകരണമാണ് ആദിദേവിന് ലഭിക്കുക. സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍പ്പെട്ട രോഗത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയിലാണ് ആദിദേവ്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോ തെറാപ്പിയും മറ്റ് ചികിത്സകളും ചെയ്തുവരികയായിരുന്നു. ഇതിന് പുറമെ കാഴ്ചാവൈകല്യവും സംസാരവൈകല്യവും ഈ കുഞ്ഞിനുണ്ട്. പല്ലുകള്‍ പൊടിഞ്ഞ് കേടുവരുന്ന രോഗത്തിന് പരിയാരം ഗവ. ആശുപത്രിയില്‍ ചികിത്സയും ചെയ്ത് വരുന്നു. കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇവര്‍ക്കില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഏഴ് ലക്ഷം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്ക് മറ്റ് വഴികളില്ലാതെ നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സഹായം തേടി അദാലത്തിലെത്തിയത്. തുടര്‍ ചികിത്സക്ക് ആവശ്യമായ സഹായവും സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. അപേക്ഷയിന്മേല്‍ അടിയന്തര നടപടിക്ക് നിര്‍ദേശം ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് കുടുംബം.

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിനോദിന് കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കും

മൂന്ന് വര്‍ഷം മുമ്പ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന് സ്വദേശി വിനോദിന് കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് തീരുമാനം.

വയറിംഗ് ജോലി ചെയ്താണ് വിനോദ് ഭാര്യയും രണ്ട് പെണ്‍ മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. വിനോദ് ജോലി കഴിഞ്ഞു വരുന്ന വഴി പുലര്‍ച്ചെ വീടിനു സമീപത്ത് നിന്ന് ആനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എട്ട് ദിവസം ഐസിയുവില്‍ ഉള്‍പ്പെടെ 38 ദിവസം കിടക്കേണ്ടി വന്നു. കാലിനും വാരിയെല്ലിനും പരിക്കേറ്റ ഇദ്ദേഹത്തിന് ചികിത്സയ്ക്ക് മാത്രമായി ഇതുവരെ 16 ലക്ഷം രൂപ ചെലവായി. 1.10 ലക്ഷം രൂപയാണ് ആദ്യ തവണ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചത്. കാലിനും നട്ടെല്ലിനും പരിക്കേറ്റത് കാരണം തൊഴിലും ചെയ്യാന്‍ പറ്റാതായി. മംഗലാപുരത്തു ചികിത്സ തുടര്‍ന്നു വരികയാണ്. ഇതിനായി മാസം രണ്ടായിരം രൂപയോളം ചെലവുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്ക് ലോണും ഉണ്ട്. മുമ്പും നിരവധി തവണ പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈയൊരു ഘട്ടത്തിലാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരാതി നല്‍കിയത്.

വിനോദിന്റെ പരാതി പരിഗണിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജില്ലാ വനം വകുപ്പ് ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

സന്തോഷിനു മുച്ചക്ര വാഹനം നല്‍കും

പോളിയോ ബാധിതനായ കെ വി സന്തോഷിനു സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുച്ചക്ര വാഹനം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് തീരുമാനം.

രണ്ടാം വയസിലാണ് കെ വി സന്തോഷ് പോളിയോ ബാധിതനാവുന്നത്. ഏഴ് വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്നും മുച്ചക്ര വാഹനം ഇദ്ദേഹത്തിന് നല്‍കിയിരുന്നു. കൂലി പണിക്കാരനായ ഇദ്ദേഹം ജോലിയ്ക്കാവശ്യമായ സാധനങ്ങള്‍ എല്ലാം തന്റെ വാഹനത്തിലാണ് കൊണ്ട് പോയിരുന്നത്. എന്നാല്‍ എഞ്ചിന്‍ തകരാറു മൂലം വാഹനം ഉപയോഗിക്കാന്‍ കഴിയാതായി. തുടര്‍ന്നാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടന്‍ തന്നെ വാഹനം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ നീതി വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

അതുല്യ ടൂറിസ്റ്റ് ഹോം ഉടമയ്ക്ക് തിരികെ നല്‍കി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്ത മട്ടന്നൂര്‍ ടൗണിലെ അതുല്യ ടൂറിസ്റ്റ് ഹോം ഉമയ്ക്ക് തിരികെ നല്‍കി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം അദാലത്തില്‍ ടൂറിസ്റ്റ് ഹോം ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കൊവിഡിന്റെ തുടക്ക കാലത്ത് ഏറ്റെടുത്ത ടൂറിസറ്റ് ഹോമില്‍ നിലവില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് താമസിക്കുന്നതെന്നും അവരെ ഒഴിപ്പിച്ച് ടൂറിസ്റ്റ് ഹോം വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു സ്ഥാപന ഉടമയായ മട്ടന്നൂര്‍ നെടുവട്ടംകുന്നിലെ എം ചന്ദ്രന്റെ പരാതി. ഏറ്റെടുത്ത കെട്ടിടത്തിന് ഇതുവരെ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അദാലത്തില്‍ പരാതി പരിഗണിച്ച മന്ത്രിമാര്‍ അവിടെയുള്ള താമസക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റി ടൂറിസ്റ്റ് ഹോം ഉടന്‍ തന്നെ ഉടമയ്ക്ക് വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വാടകത്തുക നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാനും മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.

ഇരിട്ടിയില്‍ അര്‍ബന്‍ പിഎച്ച്സി പരിഗണനയില്‍ 

ഇരിട്ടി നഗരസഭയില്‍ അര്‍ബന്‍ പിഎച്ച്സി ആരംഭിക്കുന്നത് പരിഗണനയില്‍. ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ നഗരസഭ ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന നല്‍കിയ നിവേദനത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ആരോഗ്യ മന്ത്രി അറിയിച്ചത്. ആശുപത്രിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് ചാവശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം അര്‍ബന്‍ പിഎച്ച്സി ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി. അമ്പതിനായിരത്തിനു മുകളില്‍ ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് അര്‍ബന്‍ പിഎച്ച്സി സ്ഥാപിക്കുക. അര്‍ബന്‍ പിഎച്ച്സി യാഥാര്‍ഥ്യമാകുന്നതോടെ 130ഓളം ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇരിട്ടി താലൂക്ക് ആശുപത്രി ജലക്ഷാമത്തിന് പരിഹാരം കാണും 

ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ഡയാലിസിസ് യൂണിറ്റിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു. നിലവിലെ വെള്ളത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് പുതിയ കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇരിട്ടി സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നിര്‍ദ്ദേശം. അപേക്ഷയിന്മേല്‍ അടിയന്തര നടപടിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നിലവില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വെള്ളം ലഭ്യമാക്കുന്നത് ഫയര്‍ സ്റ്റേഷന് സമീപത്തു നിന്നുള്ള കിണറില്‍ നിന്നാണ്. ഡയാലിസിസിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജലം ശേഖരിച്ച് വെക്കാന്‍ സ്റ്റോറേജ് സംവിധാനം ഇവിടെ ഇല്ല. അശുപത്രിയിലേക്കാവശ്യമായ കിണര്‍ കുഴിക്കുന്നതിനും പമ്പ് ഹൗസ് സ്ഥാപിക്കുന്നതിനും ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇരിട്ടി നേരംപോക്ക് റോഡിലെ 10 സെന്റ് സ്ഥലം ലഭ്യമാക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജലവിതരണ പദ്ധതിക്കായി സര്‍ക്കാരില്‍ നിന്ന് അനുവദിച്ച 20 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2020-21 വര്‍ഷം ആറ് ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

കൂടെയുണ്ട് സര്‍ക്കാര്‍; ഗിരീഷിന് ജോലി സുരക്ഷ ഉറപ്പാക്കും 

സ്‌കൂള്‍ കായിക മേളകളില്‍ കേരളത്തിന്റെ അഭിമാന താരമായിരുന്ന പി ബി ഗിരീഷിനെ സര്‍ക്കാര്‍ കൈവിടില്ല. കൊട്ടിയൂര്‍ പഞ്ചായത്തിലെ മന്ദംചേരി താഴെ കോളനിയിലെ പണിയ സമുദായത്തില്‍പ്പെട്ട ഗിരീഷിന് ജോലി സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉറപ്പ് നല്‍കി. എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2008 ല്‍ ദേശീയ സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തിലും 4X100 മീറ്റര്‍ റിലേയിലും സ്വര്‍ണം കരസ്ഥമാക്കിയ ഗിരീഷ് 2006 ല്‍ 100 മീറ്ററില്‍ സ്വര്‍ണവും 4X100 മീറ്ററില്‍ വെള്ളിയും നേടിയിട്ടുണ്ട്. മൂന്നു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ചാമ്പ്യനായിരുന്നു ഗിരീഷ്. അച്ഛന്റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഗിരീഷിന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായത്. പ്ലസ്ടുവിന് ശേഷമുള്ള തുടര്‍പഠനവും കായിക മോഹവും പതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ ഗിരീഷ് സ്വന്തമാക്കിയത്. അമ്മയും ഭാര്യയും രണ്ടുകുട്ടികളും അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി ഒരു വീടില്ല. സഹോദരിയുടെ വീട്ടിലാണ് താമസം. സര്‍ക്കാര്‍തലത്തില്‍ ഒരു ആനുകൂല്യവും ഗിരീഷിന് ലഭിച്ചിരുന്നില്ല. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന സമയത്താണ് ആറളം പഞ്ചായത്തിലെ വെളിമാനം പ്രീമെട്രിക് ഹോസ്റ്റലില്‍ താല്‍ക്കാലിക വാച്ച്മാനായി ജോലി ലഭിച്ചത്. തന്റെ സാമ്പത്തിക പ്രയാസം പരിഗണിച്ച് ജോലി സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായാണ് ഗിരീഷ് അദാലത്തിലെത്തിയത്.

സാമ്പത്തിക പ്രയാസം വിലങ്ങുതടിയാവില്ല; ദിയമോളുടെ ഓപ്പറേഷന്‍ നടക്കും 

പെരിങ്കിരി ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ്സുകാരി പി പി ദിയക്ക് 'കാസ്പി'ല്‍ ഉള്‍പ്പെടുത്തി ഓപ്പറേഷന്‍ നടത്താനാവശ്യമായ സൗകര്യം ഒരുക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഇരിട്ടിയില്‍ നടന്ന സാന്ത്വനം പരാതി പരിഹാര അദാലത്തിലായിരുന്നു നടപടി. പുന്നതാനത്ത് പ്രകാശന്‍ വനജ ദമ്പതികളുടെ മകള്‍ ദിയയ്ക്ക് കഴുത്തിന്റെ ഇടതു വശത്ത് രണ്ട് മുഴകള്‍ ഉണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ നടത്താന്‍ വള്ളിത്തോട് പി എച്ച്സിയില്‍ നിന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ പ്രയാസം സൃഷ്ടിച്ചു. തുടര്‍ന്നാണ് ചികിത്സാ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം അദാലത്തിലെത്തിയത്. വനജ കൂലിപ്പണി ചെയ്തു കൊണ്ടുവരുന്ന തുച്ഛമായ തുകയെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഭിന്നശേഷിക്കാരനായ പ്രകാശന് സംസാരശേഷി യോ കേള്‍വിശേഷിയോ ഇല്ല. ബന്ധുവിന്റെ സ്ഥലത്ത് ഷെഡ്ഡിലാണ് താമസം. കുടുംബത്തിന്റെ ദയനീയാവസ്ഥ കേട്ടറിഞ്ഞ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദാലത്തില്‍ തീരുമാനമായി.