കേരളം പരിവര്‍ത്തനത്തിന്റെ പാതയില്‍; മുഖ്യമന്ത്രി

post

കേരള ലുക്ക്‌സ് എഹെഡ് അന്തര്‍ദേശീയ കോണ്‍ഫറന്‍സിന് തുടക്കമായി

തിരുവനന്തപുരം: കേരളം വലിയ പരിവര്‍ത്തനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്‌സ് എഹെഡ് എന്ന പേരില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സും കൂടിയാലോചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പുതു സാങ്കേതിക വിദ്യകളുടെയും ആശയങ്ങളുടെയും അടിത്തറയില്‍ കേരളത്തെ ഒരു യഥാര്‍ഥ വിജ്ഞാന സമ്പദ്ഘടനയായി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മഹാമാരിയില്‍ നിന്നുള്ള പാഠങ്ങളില്‍നിന്ന് നാം കൂട്ടായ ചിന്തകളിലൂടെ എങ്ങനെ മുന്നോട്ടു നീങ്ങാനാകുമെന്നാണ് നോക്കുന്നത്. ഇതിനായി മികച്ച ആശയങ്ങളും രീതികളും രാജ്യത്തുനിന്നും രാജ്യാന്തരതലങ്ങളില്‍നിന്നും ഉള്‍ക്കൊള്ളുന്നുണ്ട്.

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നീതി, വികേന്ദ്രീകൃത ഭരണം എന്നിവയിലുണ്ടായ ചരിത്രപരമായ പുരോഗതിയിലൂന്നിയുള്ള വളര്‍ച്ചയാണ് ഒരു വശത്ത് കേരളത്തിനുള്ളത്. നമ്മുടെ വിദ്യാസമ്പന്നരും ഉന്നത നൈപുണ്യമുള്ളവരുമായ പൗരന്‍മാര്‍ക്ക് ഗുണപരമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എല്ലാ ജനങ്ങള്‍ക്കും ഗുണപരമായ പുരോഗമനപരവും ആധുനികവുമായ ഒരു സമ്പദ്ഘടന സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. ഇതിനായുള്ള മികച്ച ചുവടുവെപ്പാണ് വിവിധ മേഖലയിലെ വിദഗ്ധരുമായി വ്യത്യസ്ത മേഖലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ സംവാദമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ: സൗമ്യ സ്വാമിനാഥന്‍, കൊളമ്പിയ സര്‍വകലാശാല പ്രൊഫസര്‍ പ്രൊഫ: ജോസഫ് ഇ. സ്റ്റിഗ്‌ളിറ്റ്‌സ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ: വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ: വി. വേണു തുടങ്ങിയവര്‍ സംബന്ധിച്ചു.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഇ-ഗവേണന്‍സ്, ഉന്നതവിദ്യാഭ്യാസം, വ്യവസായം, വിവരസാങ്കേതികവിദ്യ, നൈപുണ്യവികസനം, വിനോദസഞ്ചാരം എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട മേഖലകളിലെ കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ച് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രാദേശിക സര്‍ക്കാരുകള്‍, ഫെഡറലിസവും വികസന ധനകാര്യവും എന്നിവ സംബന്ധിച്ച് രണ്ടു പ്രത്യേക സെഷനുകളുമുണ്ട്. മൂന്നിന് കോണ്‍ഫറന്‍സ് സമാപിക്കും.